ഗസ: ഹമാസിന്റെ പക്കലുള്ള അവസാന അമേരിക്കന്‍ ബന്ദിയെ ഉടന്‍ ഹമാസ് മോചിപ്പിക്കും. യു.എസ് ബന്ദിയായ ഏദന്‍ അലക്‌സാണ്ടറിനെയാണ് മോചിപ്പിക്കുക. ഗസയിലേക്ക് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ അനുവദിക്കുന്നതിനായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായും ഹമാസും യു.എസും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.എസ് ബന്ദിയെ മോചിപ്പിക്കാന്‍ തീരുമാനമായത്. ചര്‍ച്ചകള്‍ നടന്നതായി ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തര്‍, ഈജിപ്ത് തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിലെത്താനും തടവുകാരെ കൈമാറാനുമുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നതായി ഹമാസ് സ്ഥിരീകരിച്ചതായി മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ഖലീല്‍ അല്‍ ഹയ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
‘ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനും ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനും മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമങ്ങളോടെ സ്വീകരിച്ച ഒരു നടപടിയാണിത്,’ ട്രംപ് പറഞ്ഞു.
അതേസമയം പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രതിനിധിയായ വിറ്റ്‌കോഫ് ട്രംപ് കാരണമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഈ മുന്നേറ്റത്തില്‍ ട്രംപ് ഒരു പ്രധാന പങ്കു വഹിച്ചതായും ട്രംപ് കാരണമാണ് ബന്ദി കൈമാറ്റം സംഭവിച്ചതെന്നും വിറ്റ്‌കോഫ് പറഞ്ഞു. യുവാവിന്റെ കുടുംബം ഏറെ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം വന്നത്. എന്നാല്‍ സന്ദര്‍ശനത്തിനിടെ ട്രംപ് ഇസ്രഈല്‍ സന്ദര്‍ശിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
യു.എസ്-ഇസ്രഈല്‍ ഇരട്ട പൗരത്വമുള്ള അലക്‌സാണ്ടര്‍ ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തിനിടെയാണ് പിടിയിലാവുന്നത്. ഈ സമയത്ത് ഇസ്രഈല്‍ സൈന്യത്തില്‍ ഭാഗമായി ഗാസ അതിര്‍ത്തിക്ക് സമീപം സേവനമനുഷ്ഠിക്കുകയായിരുന്നു അലക്‌സാണ്ടര്‍.
അതേസമയം യു.എസ്-ഗള്‍ഫ് ഉച്ചകോടിയിലെത്തുന്ന ട്രംപ് സൗദിയിലെത്തിയാല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചേക്കും എന്ന റിപ്പോര്‍ട്ടുമുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്ന് ഒരു ഗള്‍ഫ് നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ട്രംപ് പ്രഖ്യാപിക്കുന്ന ഫലസ്തീന്‍ രാഷ്ട്രത്തില്‍ ഹമാസ് ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Last American hostage held by Hamas to be released soon