ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിന്‍ യമാല്‍
Football
ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിന്‍ യമാല്‍
Sudev A
Tuesday, 21st April 2026, 3:08 pm

അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി കായികരംഗത്തെ എക്കാലത്തെയും മികച്ച ഇതിഹാസമാണെന്ന് ബാഴ്‌സലോണ യുവതാരം ലാമിന്‍ യമാല്‍. ലോറന്‍സ് അവാര്‍ഡ്സില്‍ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് യമാല്‍ മെസിയെക്കുറിച്ച് സംസാരിച്ചത്.

”ഒരു കായിക താരം അവരുടെ കായിക രംഗങ്ങളില്‍ മാത്രമല്ല എല്ലാ കായിക ഇനങ്ങളുടെയും ഇതിഹാസമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണ്. അദ്ദേഹം എക്കാലത്തെയും മികച്ച കായിക താരമല്ലെങ്കിലും എല്ലാവരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കും. അദ്ദേഹം ഒരു ആരാധനാപാത്രം മാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും ആളുകള്‍ ബഹുമാനം നല്‍കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാ കുട്ടികളുടെയും ചെറുപ്പകാലങ്ങളില്‍ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ലാമിന്‍ യമാല്‍ പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബാഴ്സയില്‍ കളിച്ചാണ് മെസി ഒരു ഇതിഹാസമായി മാറിയത്.

ബാഴ്സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ ഫുട്ബോള്‍ യാത്രയാണ് മെസി നടത്തിയത്. ബാഴ്സലോണക്കായി 778 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.

അതേസമയം രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലിസ്മ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

Content Highlight: Lamine Yamal Talks About Lionel Messi is the best player in history

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.