യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇംഗ്ലീഷ് സൂപ്പര്‍ ടീം ന്യൂകാസില്‍ യുണൈറ്റഡിനോട് സമനില വഴങ്ങിയിരുന്നു. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനിലയില്‍ പിരിഞ്ഞത്.
മത്സരത്തില്‍ ബാഴ്‌സയുടെ സ്പാനിഷ് വണ്ടര്‍ കിഡ് ലാമിന്‍ യമാല്‍ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 30 മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് യമാല്‍ സ്വന്തമാക്കിയത്. 18 വയസും 240 ദിവസവും പ്രായമുള്ളപ്പോഴാണ് കറ്റാലന്‍മാരുടെ പടകുടീരത്തിലെ വിശ്വസ്ത പടയാളി റെക്കോഡ് നേട്ടത്തിലെത്തിയത്.
ഫ്രഞ്ച് താരം വാറന്‍ സയര്‍ എമെരിയുടെ പേരിലാണ് മുമ്പ് ഈ നേട്ടമുണ്ടായിരുന്നത്. 19 വയസും 227 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു എമെരി 30 യു.സി.എല്‍ മത്സരം പൂര്‍ത്തിയാക്കിയത്. 20 വയസും 207 ദിവസവും പ്രായമുണ്ടായിരിക്കെ ഈ റെക്കോഡിലെത്തിയ സെസ്‌ക് ഫാബ്രിഗസാണ് മൂന്നാമന്‍.
മത്സരത്തിന്റെ 86ാം മിനിട്ടും ഗോള്‍ വരള്‍ച്ചയായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ ഇരുവര്‍ക്കുമായില്ല.
ആദ്യ മിനിട്ടുകളില്‍ തന്നെ ബാഴ്‌സ ഗോള്‍മുഖം പലകുറി വിറച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും ഗോള്‍ കീപ്പറുടെ സേവുകളും ഗോള്‍ അകന്നുനില്‍ക്കാന്‍ കാരണമായി. 20ാം മിനിട്ടില്‍ ഹോം ടീം സെല്‍ഫ് ഗോളടിച്ചെന്ന് ആരാധകര്‍ പോലും കരുതിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ അത് പുറത്ത് പോയി. പിന്നാലെ ബാഴ്‌സ ആക്രമണം കടുപ്പിച്ചു.
ആദ്യ പകുതിയില്‍ ന്യൂകാസിലിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. രണ്ടാം പകുതിയിലും ഇതേ കരുത്തോടെ ടീം പന്ത് തട്ടി. ഒപ്പം ബാഴ്‌സ മുന്നേറ്റങ്ങളെ തടഞ്ഞും ഇംഗ്ലീഷ് ടീം കളം നിറഞ്ഞു.
ഈ മുന്നേറ്റം തടയാനുള്ള ന്യൂകാസില്‍ ശ്രമം പെനാല്‍ട്ടിയില്‍ അവസാനിച്ചു. ഡാനി ഓല്‍മോയെ ബോക്‌സില്‍ തള്ളിയിട്ടതിന് ലഭിച്ച പെനാല്‍ട്ടി ലാമിന്‍ യമാല്‍ പിഴവേതും കൂടാതെ വലയിലെത്തിച്ചു. ഇതോടെ ടീം മത്സരം സമനിലയിലുമാക്കി.
മാര്‍ച്ച് 18നാണ് രണ്ടാം പാദ മത്സരം. ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗ ആണ് വേദി.
Content highlight: Lamine Yamal becomes youngest player to complete 30 matches in UCL