ന്യൂദല്‍ഹി: ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മക്കളായ തേജസ്വി യാദവ്, തേജ്പ്രതാപ് യാദവ്, ഹേമ യാദവ്, മിസ ഭാരതി എന്നിവര്‍ക്കെതിരെ ദല്‍ഹി റോസ് അവന്യൂ കോടതി കുറ്റം ചുമത്തി. കുടുംബം ക്രിമിനല്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചു എന്ന നിരീക്ഷണവും കോടതി നടത്തി.
റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്ക് ഭൂമി കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നതാണ് കേസ്. സി.ബി.ഐ ആണ് കേസ് അന്വേഷിച്ചത്. ഏജന്‍സിയുടെ കുറ്റപത്രം കോടതി അംഗീകരിച്ചു.
ലാലുവും കുടുംബവും ഇനി വിചാരണ നേരിടേണ്ടി വരും. ബിഹാര്‍ തെരഞ്ഞെടുപ്പിലടക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു വിധിയുണ്ടായത് ലാലുവിന് മാത്രമല്ല, ആര്‍.ജെ.ഡിക്കും വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ മുംബൈ, ജബല്‍പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ഹാജിപൂര്‍ എന്നിവിടങ്ങളിലെ റെയില്‍വേയുടെ വിവിധ സോണുകളിലെ ‘ഗ്രൂപ്പ്-ഡി തസ്തികകളില്‍’ നിയമവിരുദ്ധമായ നിയമനങ്ങള്‍ നടത്തിയെന്നാണ് ലാലുവിനെതിരെയുള്ള കേസ്.
ഇതിന് പകരമായി, വ്യക്തികളോ അവരുടെ കുടുംബങ്ങളോ തങ്ങളുടെ ഭൂമി അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രിയായ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെ പേരിലും മെസ്സേഴ്‌സ് എ.കെ ഇന്‍ഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലും കൈമാറ്റം ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഈ ഭൂമി ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്.
ഇന്ത്യന്‍ റെയില്‍വേ നിയമനങ്ങള്‍ക്കായി സ്ഥാപിച്ച മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അട്ടിമറിച്ചാണ് ഈ നിയമനങ്ങള്‍ നടത്തിയതെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു.
അഴിമതിക്കായി വലിയ തോതിലുള്ള ഗൂഢാലോചന ലാലുവും കുടുംബവും നടത്തിയതായും കോടതി നിരീക്ഷിച്ചു.