നിയമക്കുരുക്ക്; ഐ.ആര്‍.സി.ടി.സി കേസില്‍ ലാലു പ്രസാദ് യാദവിനുമേല്‍ കുറ്റം ചുമത്തി
India
നിയമക്കുരുക്ക്; ഐ.ആര്‍.സി.ടി.സി കേസില്‍ ലാലു പ്രസാദ് യാദവിനുമേല്‍ കുറ്റം ചുമത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 1:53 pm

പാട്‌ന: ഐ.ആര്‍.സി.ടി.സി കേസില്‍ ആര്‍.ജെ.ഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനുമേല്‍ കുറ്റം ചുമത്തി കോടതി.

റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. ഇതോടെ ഐ.ആര്‍.സി.ടി.സി അഴിമതിക്കേസില്‍ ലാലു പ്രസാദും കുടുംബാംഗങ്ങളും വിചാരണ നേരിടേണ്ടി വരും. പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെയാണ് കേസ് പരിഗണിച്ചത്.

യാദവിന്റെ പങ്കാളിയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, ആര്‍.ജെ.ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും എതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലാലു പ്രസാദ് യാദവും കുടുംബവും നിയമക്കുരുക്ക് നേരിടുന്നത്.

വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐ.ആര്‍.സി.ടി.സി ഹോട്ടലുകളുടെ ടെന്‍ഡറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിലാണ് കേസ്.

ഐ.പി.സി 420, 120ബി വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.

2004നും 2009നും ഇടയിലുണ്ടായ ആരോപണങ്ങളാണ് കേസിനാസ്പദമായ സംഭവം. റെയില്‍വേ മന്ത്രിയായിരിക്കെ ഐ.ആര്‍.സി.ടി.സി ഹോട്ടലുകള്‍ക്ക് അറ്റകുറ്റപ്പണി കരാറുകള്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.

ലാലു പ്രസാദിന് ബന്ധമുള്ള സുജാത ഹോട്ടലിന് ടെന്‍ഡര്‍ നല്‍കിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ താന്‍ ഈ അഴിമതിക്കേസില്‍ കുറ്റക്കാരനല്ലെന്ന് ലാലു പ്രസാദ് യാദവ് കോടതിയെ അറിയിച്ചു. അതേസമയം വിചാരണയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ ആറിനും 11നുമായി രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഭരണകക്ഷിയായ എന്‍.ഡി.എയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്.

ഇതിനിടെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ അഖ്‌ദറുൽ ഇമാൻപറഞ്ഞിരുന്നു.

Content Highlight: Lalu Prasad Yadav charged in IRCTC case