റയലിനെ പറ്റിച്ചതിന് എംബാപെക്കെതിരെ കേസ് കൊടുത്ത് ലാലിഗ
Football
റയലിനെ പറ്റിച്ചതിന് എംബാപെക്കെതിരെ കേസ് കൊടുത്ത് ലാലിഗ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd July 2022, 6:52 pm

നിലവില്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരമാണ് ഫ്രാന്‍സിന്റെ മുന്നേറ്റ താരമായ കിലിയന്‍ എംബാപെ. പി.എസ്.ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കറായ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് ഒരുപാട് ശ്രമിച്ചിരുന്നു.

റയലില്‍ എത്തുമെന്ന് ഏകദേശം ഉറപ്പിച്ച സാഹചര്യത്തില്‍ നിന്നും അദ്ദേഹം സ്വയം ഒഴിഞ്ഞ് പി.എസ്.ജിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മാഡ്രിഡിന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തയിരുന്നു. റെക്കോഡ് തുകയ്ക്ക് പുറമേ ടീമില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്രം കൂടെ നല്‍കിയായിരുന്നു അദ്ദേഹത്തെ പി.എസ്.ജി നിലനിര്‍ത്തിയത്.

ഇപ്പോഴിതാ എംബാപയുമായി പി.എസ്.ജി കരാര്‍ പുതുക്കിയതു റദ്ദാക്കാനാവശ്യപ്പെട്ട് ലാ ലിഗ നേതൃത്വം കോടതിയിലെത്തിയിരിക്കുകയാണ്. റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഉറപ്പായിരുന്ന അവസരത്തില്‍ അവരുടെ ഓഫര്‍ തഴഞ്ഞ് താരം പി.എസ്.ജിയുമായി കരാര്‍ പുതുക്കിയത് മുതല്‍ ലാ ലിഗ നേതൃത്വം അതിനെതിരെ രംഗത്തു വന്നിരുന്നു.

പാരീസിലെ കോടതിയിലാണ് എംബാപെ പി.എസ്.ജിയുമായി കരാര്‍ പുതുക്കിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ലാ ലിഗ നേതൃത്വം പരാതി നല്‍കിയതെന്നാണ് റെലെവോ വെളിപ്പെടുത്തുന്നു. എംബാപയും പി.എസ്.ജിയുമായുള്ള പുതിയ കരാര്‍ യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളെ പൂര്‍ണമായും തെറ്റിക്കുന്നതാണെന്ന് അവര്‍ പരാതിയില്‍ പറയുന്നു.

ഈ പരാതിക്ക് പുറമെ പി.എസ്.ജിയുടെ സാമ്പത്തിക കണക്കുകള്‍ പരിശോധിക്കണം എന്ന ആവശ്യമുന്നയിച്ച് അഡ്മിനിസ്ട്രേറ്റീവ് അപ്പീല്‍ നല്‍കാനും ലാ ലിഗ ഒരുങ്ങുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ സ്‌പോര്‍ട്ട്‌സ് സ്ഥാപനങ്ങളുടെ സാമ്പത്തിക കണക്കുകള്‍ പരിശോധിക്കുന്ന ഡി.എന്‍.സി.ജി ഇവ പരിശോധിക്കണമെന്നാണ് ലാ ലിഗ ആവശ്യപ്പെട്ടത്.

പക്ഷെ ആര്‍.എം.സി സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പി.എസ്.ജി നല്‍കിയ പരാതി പ്രസ്തുത കോടതി തള്ളിയിട്ടുണ്ട്. അടിയന്തിര സ്വഭാവം അര്‍ഹിക്കുന്ന വിഷയമല്ലയെന്ന് നിരീക്ഷിച്ചാണ് പാരീസിലെ കോടതി ലാ ലിഗയുടെ പരാതി തള്ളിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം അവധി ദിനങ്ങള്‍ക്ക് ശേഷം മികച്ച ഡയറ്റ് പദ്ധതിയും വര്‍ക്കൗട്ടുമൊക്കെയായി മികച്ച നിലയില്‍ പി.എസ്. ജിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. പ്രീസീസണ്‍ മത്സരത്തിനായി ജപ്പാനിലാണ് പി.എസ്.ജി. ടീമിപ്പോള്‍.

Content Highlights: Laliga Petitioned a Case against PSG for signing Mbappe