കളിയില്‍ നിര്‍ണായകമായിട്ടും സഞ്ജുവിന് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി
Sports News
കളിയില്‍ നിര്‍ണായകമായിട്ടും സഞ്ജുവിന് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd July 2022, 6:46 pm

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം ഓവലില്‍ നടന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനോട് കഷ്ടിച്ച് ജയിക്കുകയും ഒപ്പം പരമ്പരയില്‍ മുന്‍തൂക്കം നേടിയുമാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

വിന്‍ഡീസിനെതിരായ വിജയത്തിന് പിന്നാലെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബൈലാറ്ററല്‍ മത്സരം ജയിക്കുന്ന ടീം എന്ന ഖ്യാതി ഇന്ത്യയെ തേടിയെത്തിയയെങ്കിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അത്രകണ്ട് സന്തോഷം തരുന്നതല്ല മത്സരഫലം.

ഓപ്പണര്‍മാരും വണ്‍ ഡൗണുമടങ്ങുന്ന മുന്‍നിര കത്തിക്കയറിയപ്പോള്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

സൂര്യകുമാര്‍ യാദവും സഞ്ജുവും തങ്ങളുടെ പേരിനൊത്ത പെരുമ പോലും കാണിക്കാതിരുന്നപ്പോള്‍ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലുമാണ് വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്.

മധ്യനിരയും ഉണര്‍ന്നുകളിച്ചിരുന്നുവെങ്കില്‍ ഓവല്‍ പിച്ചില്‍ ഇന്ത്യയ്ക്ക് സുഖമായി 350+ റണ്‍സ് സ്വന്തമാക്കാമായിരുന്നു. മധ്യനിരയുടെ പോരായ്മ മാനേജ്‌മെന്റിനെ ഇരുത്തി ചിന്തിപ്പിക്കുമെന്നുറപ്പാണ്.

മധ്യനിരയെ ശക്തിപ്പെടുത്താനാവും ഇന്ത്യയുടെ ശ്രമം. അതിനായി ആദ്യ ഏകദിനം കളിച്ച ടീം ഉടച്ചുവാര്‍ക്കുമെന്നുറപ്പാണ്.

അങ്ങനെയെങ്കില്‍ തുലാസിലാകാന്‍ ഏറെ സാധ്യതയുള്ളത് സഞ്ജുവിന്റെ പൊസിഷനാണ്. സ്‌ക്വാഡില്‍ ഇഷാന്‍ കിഷന്‍ കൂടി ഉണ്ടെന്നിരിക്കെ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് ഇഷാനെ കൊണ്ടുവരാനാവും ഇന്ത്യ ഒരുങ്ങുന്നത്.

ഓപ്പണര്‍ സ്ഥാനത്ത് ഇഷാനെ കൊണ്ടുവന്നില്ലെങ്കില്‍ കൂടിയും മൂന്നാമനായി ഇറക്കാനും ഇന്ത്യയ്ക്ക് സാധിക്കും. മുംബൈ ഇന്ത്യന്‍സിന് വേണ്ടി വണ്‍ ഡൗണായി കളിച്ച ഇഷാന് മൂന്നാം നമ്പര്‍ ഒരു ബാധ്യതയാവില്ല.

ശ്രേയസ് അയ്യര്‍ നാലാമനായും സൂര്യകുമാര്‍ യാദവ് അഞ്ചാമനായും കളിക്കുകയാണെങ്കില്‍ ഇലവനില്‍ നിന്നും സഞ്ജു ക്ലീന്‍ ബൗള്‍ഡാവുമെന്നുറപ്പാണ്.

കഴിഞ്ഞ മത്സരത്തില്‍ 18 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഒടുവില്‍ റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്താവുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയൊന്നാകെ തകര്‍ത്താണ് സഞ്ജു മടങ്ങിയത്.

ടീമില്‍ ഏറ്റവും ഇംപാക്ട് കൊണ്ടുവരാന്‍ സാധ്യതയുള്ള താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടും ആ പേരിനോട് കൂറ് പുലര്‍ത്താന്‍ കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനായില്ല. ഒപ്പം സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവന്‍ എന്ന ചീത്തപ്പേര് ഒരിക്കല്‍ക്കൂടി വീഴുകയും ചെയ്തു.

24ന് ഓവലില്‍ രണ്ടാം മത്സരം നടക്കാനിരിക്കെ സഞ്ജു ടീമിനൊപ്പമുണ്ടാകുമോ എന്ന് കണ്ടറിയുക തന്നെ വേണം.

 

Content Highlight: India – West Indies series; Chances of Sanju playing in the 2nd ODI are decreasing