മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനാണ് ലാല്‍. സിദ്ധിഖുമായി ചേര്‍ന്ന് സംവിധാനം ചെയ്ത റാംജി റാവ് സ്പീക്കിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി.
സിദ്ധിഖിനൊപ്പം ലാല്‍ സമ്മാനിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. 1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയത്തിലേക്ക് കടന്ന അദ്ദേഹം പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ചു. ഇന്ന് മലയാളത്തിന് പുറമെ അന്യഭാഷയിലും തിരക്കുള്ള നടനാണ് അദ്ദേഹം.
താന്‍ സംവിധാനം നിര്‍ത്തിയെന്ന് പറയുകയാണ് ലാല്‍. പ്രായത്തിന്റേതായ മാറ്റങ്ങള്‍ മനുഷ്യരില്‍ ഉണ്ടാകുമെന്നും അത് തിരിച്ചറിയാതെ നില്‍ക്കുമ്പോഴാണ് പലരുടെയും സിനിമകള്‍ വീണ്ടും വീണ്ടും പൊട്ടുന്നതെന്നും ലാല്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘വയസും മറ്റ് കാര്യങ്ങളുമൊക്കെയായി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. സാഹിത്യകാരന്മാരൊക്കെ പ്രായമായിട്ടും എഴുതുന്നുണ്ടാകാം. ഇംഗ്ലീഷ് സിനിമകളെടുക്കുന്ന പ്രായമായ സംവിധായകരെല്ലാം നല്ല സിനിമകള്‍ എടുത്തിട്ടുണ്ടാകാം. എന്തുമായിക്കോട്ടെ. എന്തായാലും പ്രായത്തിന്റേതായ മാറ്റങ്ങള്‍ മനുഷ്യരിലുണ്ടാകും. ആ മാറ്റം ഉണ്ടാകുന്നത് മനസിലാക്കാതെ നില്‍ക്കുമ്പോഴാണ് പലരും സിനിമകളെടുത്ത് പടം വീണ്ടും വീണ്ടും പൊട്ടിപോകുന്നത്.
അതുകൊണ്ടാണ് ഞാന്‍ സംവിധാനം നിര്‍ത്തിയത്. നമ്മള്‍ ഇവിടെ ഫിറ്റല്ലെന്ന് നമ്മള്‍ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ കാര്യം. എന്റെ കാര്യം അവിടെ ഇല്ല എന്ന് ഞാന്‍ മനസിലാക്കണം. അതിപ്പോള്‍ ഒരു സ്ഥലത്ത് പോയി ഇരിക്കുന്നതായാലും, സിനിമ പിടിക്കുന്നതായാലും, ഞാന്‍ അവിടെ ആവശ്യമുണ്ടോ അല്ലെങ്കില്‍ എന്നെ അവിടെ ആവശ്യമുണ്ടോ എന്ന് നമ്മള്‍ ചിന്തിക്കണം. നമ്മള്‍ അവിടെ ഫിറ്റല്ല എന്ന് തോന്നുമ്പോള്‍ ബാക്കടിച്ചിട്ട് മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ആസ്വദിക്കുവാന്‍ ശ്രമിക്കുക,’ ലാല്‍ പറയുന്നു.