ഷോട്ടില്‍ അമിതാഭ് ബച്ചന്‍ എന്റെ പണിക്കാരനായി വന്നാലും അദ്ദേഹത്തിനെ പോലെ ഞാനും നല്ല നടനാണെന്ന വിശ്വാസം വേണം: ലാല്‍
Entertainment
ഷോട്ടില്‍ അമിതാഭ് ബച്ചന്‍ എന്റെ പണിക്കാരനായി വന്നാലും അദ്ദേഹത്തിനെ പോലെ ഞാനും നല്ല നടനാണെന്ന വിശ്വാസം വേണം: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 8:44 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും അല്ലാതെയും മലയാളത്തിന് നിരവധി സിനിമകള്‍ സമ്മാനിച്ചിരുന്നു. ഒപ്പം ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ലാല്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഒരു നടന് വേണ്ട ആത്മവിശ്വാസത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍.

താന്‍ നല്ല നടനാണെന്നുള്ള വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ വലിയ നടന്മാര്‍ക്ക് മുന്നില്‍ നമുക്ക് അഭിനയിക്കാന്‍ കഴിയുകയുള്ളുവെന്നും അമിതാഭ് ബച്ചനെ പോലെ ഒരു നടനാണ് മുന്നിലുള്ളതെങ്കിലും അദ്ദേഹം അത്ര പോരാ എന്ന് ചിന്തിച്ചാലെ നമുക്ക് അഭിനയിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
നമ്മള്‍ ഒട്ടും മോശക്കാരല്ലെന്ന വിശ്വാസം വേണമെന്നും അല്ലെങ്കില്‍ നമ്മള്‍ക്ക് അഭിനയിക്കുമ്പോള്‍ കയ്യും കാലും വിറക്കുമെന്നും ലാല്‍ പറഞ്ഞു. കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരു ഗംഭീര നടനാണ് എന്നുള്ള വിശ്വാസം ഉണ്ടങ്കിലെ നമ്മള്‍ക്ക് നമ്മളെക്കാള്‍ വലിയ നടന്മാരുടെ മുന്നിലും അഭിനയിക്കാന്‍ കഴിയുകയുള്ളു. അമിതാഭ് ബച്ചന്‍ വന്നിട്ട് നമ്മുടെ കൂടെ നിന്നാലും അവര്‍ അത്ര പോരാ എന്ന് ചിന്തിച്ച് അഭിനയിച്ചാലേ നമ്മുക്ക് അഭിനയിക്കാന്‍ പറ്റുകയുള്ളു. നമ്മള്‍ ഒട്ടും മോശക്കാരനല്ല എന്ന വിശ്വാസത്തോടെ അഭിനയിച്ചാലെ ശരിയാകു, അല്ലെങ്കില്‍ നമ്മുടെ കയ്യും കാലും വിറക്കും.

ഞാന്‍ ചിലപ്പോള്‍ മുതലാളി ആയിരിക്കും. അമിതാഭ് ബച്ചന്‍ എന്റെ പണിക്കാരനാണെങ്കിലും ഒരു ഷോട്ടില്‍ അമിതാഭ് ബച്ചനെ കാണുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ അറിയാതെ എഴുന്നേറ്റ് പോകും. അത് ഇല്ലാതിരിക്കണമെങ്കില്‍ അദ്ദേഹത്തിനെ പോലെ തന്നെ നല്ല ഒരു നടനാണ് ഞാന്‍ എന്ന വിശ്വാസം ഒരു നടന് വേണം,’ ലാല്‍ പറയുന്നു.


Content Highlight: Lal talks about the confidence an actor needs