മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും നിര്‍മാതാവുമാണ് ലാല്‍. സിദ്ധിഖുമായി ചേര്‍ന്ന് സംവിധാനം ചെയ്ത റാംജി റാവ് സ്പീക്കിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി.
സിദ്ദിഖിനൊപ്പം ലാല്‍ സമ്മാനിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. 1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയത്തിലേക്ക് കടന്ന അദ്ദേഹം പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ചു. ഇന്ന് മലയാളത്തിന് പുറമെ അന്യഭാഷയിലും തിരക്കുള്ള നടനാണ് അദ്ദേഹം.
താന്‍ നിര്‍മിച്ച സിനിമകള്‍ പരാജയപ്പെടുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകുമെന്ന് ലാല്‍ പറയുന്നു. പണം നഷ്ടപ്പെട്ടതുകൊണ്ട് മാത്രമല്ല അങ്ങനെയൊന്നും ഇത്രയും നാളത്തെ അധ്വാനവും സ്വപ്നങ്ങളുമെല്ലാം ഒരു ദിവസം ഇല്ലാതെയാകുമ്പോള്‍ വല്ലാത്ത സങ്കടമാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.
‘ചില സിനിമകള്‍ പരാജയപ്പെടുമ്പോള്‍ മാനസികമായി തകര്‍ന്ന് തരിപ്പണമായി പോകും. അത് പൈസ നഷ്ടപ്പെടുന്നത് കൊണ്ട് മാത്രമല്ല. സിനിമയുടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി അഞ്ച്- ആറ് മാസം പോകും. അതിനും എത്രയോ നാള്‍ മുമ്പുതന്നെ തന്നെ സിനിമയുടെ എഴുത്തും കാര്യങ്ങളുമൊക്കെ തുടങ്ങിയിട്ടുണ്ടാകും.
ഇത്രയും കാര്യങ്ങളെല്ലാം ചെയ്തത് ഒരു ഇരുപത്തിയഞ്ച് ലക്ഷം രൂപ, അമ്പത് ലക്ഷം രൂപ നഷ്ടപ്പെടുത്താന്‍ വേണ്ടി ആണല്ലോ എന്നൊക്കെ ആലോചിക്കുമ്പോള്‍ നമ്മള്‍ തകര്‍ന്ന് പോകും. അന്ന് മുതല്‍ എനിക്ക് എവിടെയെങ്കിലും വെറുതെയിരിക്കാമായിരുന്നു. അല്ലെങ്കില്‍ എവിടെയെങ്കിലും പോയി അടിച്ച് പൊളിക്കാമായിരുന്നു. അപ്പോഴൊക്കെ ഈ പൈസയൊക്കെ നമ്മുടെ കയ്യില്‍ തന്നെ ഇരുന്നേനെ.
ഇത്രയും നാളത്തെ അധ്വാനവും സ്വപ്നങ്ങളുമെല്ലാം ഒരു ദിവസം ഇല്ലാതെയാകുമ്പോള്‍ വല്ലാത്ത സങ്കടമാണ്. എന്തിനാണ് ഞാന്‍ ഈ സിനിമ ചെയ്തത് എന്ന തോന്നല്‍ വരും,’ ലാല്‍ പറയുന്നു.