തകര്‍ന്ന് പോകുമെന്ന് കരുതി ജഗദീഷ് സ്‌ക്രിപ്റ്റില്‍ കൈകടത്തി; അവസാനം അവനത് ചീത്തപ്പേരായി: ലാല്‍
Entertainment
തകര്‍ന്ന് പോകുമെന്ന് കരുതി ജഗദീഷ് സ്‌ക്രിപ്റ്റില്‍ കൈകടത്തി; അവസാനം അവനത് ചീത്തപ്പേരായി: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 9:33 am

താന്‍ സിനിമയുടെ തിരക്കഥയില്‍ ഇടപെടാറില്ലെന്ന് പറയുകയാണ് നടനും സംവിധായകനുമായ ലാല്‍. എന്നാല്‍ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഇവിടെ ഇങ്ങനെ വേണോ, അല്ലെങ്കില്‍ ഇത് ഒഴിവാക്കണോ എന്നെല്ലാം താന്‍ സംവിധായകനോട് ചോദിക്കാറുണ്ടെന്നും ലാല്‍ പറഞ്ഞു. അവര്‍ അതങ്ങനെ ഇരുന്നോട്ടെയെന്ന് പറഞ്ഞാല്‍ അവസാനം തന്റെ തലയില്‍ വരരുതെന്നും പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

jagadeesh

തിരക്കഥ തിരുത്തുന്നയാള്‍, തല്ലിപ്പൊളിയാക്കുന്നയാള്‍ എന്നൊക്കെ ജഗദീഷിന് പണ്ട് ചീത്തപ്പേരുണ്ടായിരുന്നുവെന്നും പൊട്ടുമെന്ന് ഉറപ്പായ സിനിമ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ വേണ്ടി ജഗദീഷ് കൈ കടത്തുന്നതാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട് സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കഴിയുന്നതും തിരക്കഥയിലൊന്നും ഇടപെടാറില്ല. എന്നാല്‍ എന്തെങ്കിലും സജഷന്‍ ഉണ്ടെങ്കില്‍ അത് പറയും. കഴിയുന്നതും എല്ലാ ഫിലിം മേക്കേഴ്‌സിനെയും ഞാന്‍ സാര്‍ എന്നാണ് വിളിക്കാറുള്ളത്. അത്രയും അടുപ്പമായാല്‍ മാത്രമാണ് പേര് വിളിക്കാറുള്ളു. ഷൂട്ടൊക്കെ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഇവിടെ ഇങ്ങനെ വേണോ, അല്ലെങ്കില്‍ ഇത് ഒഴിവാക്കണോ എന്നെല്ലാം ഞാന്‍ ചോദിക്കാറുണ്ട്.

അവര്‍ അത് കുഴപ്പമില്ല എന്ന് പറഞ്ഞാല്‍ അവസാനം എന്റെ തലയില്‍ വരരുതെന്ന് പറയും. കാരണം അവസാനം തിരക്കഥ തിരുത്തുന്നയാള്‍, തല്ലിപ്പൊളിയാക്കുന്നയാള്‍ എന്നൊക്കെ പറയും. ജഗദീഷിന് പണ്ട് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റില്‍ കൈ കടത്തി. നശിപ്പിച്ചു എന്നൊക്കെ.

ജഗദീഷ് ഇങ്ങനെ കുഴപ്പം പിടിച്ച സിനിമയിലെല്ലാം പോയി വീഴും. ആ പടം വിജയിക്കില്ലെന്ന് മനസിലാകും. പൊട്ടുമെന്ന് ഉറപ്പായ സിനിമ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ വേണ്ടി അതില്‍ കുത്തികുറിക്കുന്നതാണ്. തകര്‍ന്ന് പോകുമെന്ന് കരുതി കൈ കടുത്തുന്നതാണ്. നമ്മുടെ പടത്തിലൊന്നും വന്ന് ജഗദീഷ് അങ്ങനെയൊന്നും ചെയ്യാറില്ല,’ ലാല്‍ പറയുന്നു.

Content Highlight: Lal Talks About Jagadish