അന്ന് ബോളിവുഡില്‍ നിന്നുള്ളവര്‍ ആ മലയാള സിനിമകളെ കുറിച്ച് പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി: ലാല്‍
Entertainment
അന്ന് ബോളിവുഡില്‍ നിന്നുള്ളവര്‍ ആ മലയാള സിനിമകളെ കുറിച്ച് പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th March 2025, 3:51 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദീഖിനൊപ്പവും മലയാളത്തിന് നിരവധി സിനിമകള്‍ സമ്മാനിച്ചിരുന്നു. ഒപ്പം ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

മറ്റ് ഭാഷകളിലെ പടങ്ങളില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആദ്യം തനിക്ക് നല്ല പേടിയുണ്ടായിരുന്നുവെന്ന് പറയുകയാണ് ലാല്‍. ഹിന്ദി സിനിമയില്‍ പോയപ്പോള്‍ ഒരുപാട് പേടി തോന്നിയെന്നും എന്നാല്‍ അവിടെ ചെന്നപ്പോഴാണ് അവര്‍ മലയാളസിനിമയെ വളരെ അധികം ശ്രദ്ധിക്കുന്ന ആളുകളാണെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

‘മറ്റ് ഭാഷകളിലെ പടങ്ങളില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആദ്യം എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പ്രത്യേകിച്ച് ഹിന്ദി സിനിമയില്‍ പോയപ്പോള്‍. അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി. അവര്‍ മലയാളസിനിമയെ വളരെ അധികം ശ്രദ്ധിക്കുന്ന ആളുകളാണ്.

ഒഴിമുറി, തലപ്പാവ്, ഷട്ടര്‍ പോലെയുള്ള ഓരോ പടത്തെക്കുറിച്ചും അവര്‍ പറയുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. പിന്നെ തെലുങ്ക് പടങ്ങള്‍ കാണാന്‍ ഞാന്‍ മെനക്കെടാറില്ല. എന്നാല്‍ നമ്മള് സംവിധാനം ചെയ്ത പടങ്ങളെപ്പറ്റി അവര്‍ക്ക് നല്ല ധാരണയുണ്ട്.

അവിടെ ചെന്നപ്പോള്‍ കുറച്ച് ബലം കിട്ടാന്‍ വേണ്ടി ഞാന്‍ ഇങ്ങനെയുള്ള പടങ്ങള്‍ ഡയറക്ട് ചെയ്തിട്ടുള്ള ആളാണെന്ന് പറയാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോള്‍ അവര്‍ അതേക്കുറിച്ച് ഇങ്ങോട്ട് പറയുകയാണ്. ആ ഒരു അന്തരീക്ഷത്തില്‍ നമ്മുടെ കോണ്‍ഫിഡന്‍സ് ലെവല്‍ പെട്ടെന്നുയരും,’ ലാല്‍ പറഞ്ഞു.

Content Highlight: Lal Talks About His Experience In Bollywood