മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനാണ് ലാല്‍. സിദ്ധിഖുമായി ചേര്‍ന്ന് സംവിധാനം ചെയ്ത റാംജി റാവ് സ്പീക്കിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി.
സിദ്ദീഖിനൊപ്പം ലാല്‍ സമ്മാനിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. 1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയത്തിലേക്ക് കടന്ന അദ്ദേഹം പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ചു. ഇന്ന് മലയാളത്തിന് പുറമെ അന്യഭാഷയിലും തിരക്കുള്ള നടനാണ് അദ്ദേഹം.
ഇപ്പോള്‍ നടന്‍ ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍. വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത സ്വഭാവം ആസിഫിന് മുമ്പ് ഉണ്ടായിരുന്നുവെന്നും എത്ര വിളിച്ചാലും അദ്ദേഹം ഫോണ്‍ എടുക്കില്ലായിരുന്നുവെന്നും ലാല്‍ പറയുന്നു. ഒരിക്കല്‍ ആസിഫിന്റെ അമ്മക്ക് സുഖമില്ലാതെ ആയപ്പോള്‍ തന്നെ വിളിച്ചെന്നും അപ്പോള്‍ താന്‍ കാര്യങ്ങളെല്ലാം ഏര്‍പ്പാട് ചെയ്തുവെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ തന്റെ അമ്മക്ക് വയ്യാതെ വന്നാല്‍ ആസിഫിനെ വിളിച്ചാല്‍ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുമ്പ് ആസിഫിന് അങ്ങനത്തെയൊരു സ്വഭാവമുണ്ടായിരുന്നു. എന്ത് ചെയ്താലും ഫോണ്‍ എടുക്കില്ല. നമ്മള്‍ വിളിച്ചാലും എടുക്കില്ല. സൈലന്റാക്കി വെക്കും. ഒരിക്കല്‍ രാത്രി രണ്ട് മണിയായപ്പോള്‍ ആസിഫ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ‘ഉമ്മക്ക് നല്ല സുഖമില്ല, ആശുപത്രിയില്‍ കൊണ്ടുപോകണം. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ’ എന്ന് ചോദിച്ചു.
ഞാന്‍ കാര്യങ്ങളൊക്കെ ഏര്‍പ്പാട് ചെയ്തുകൊടുത്തു. പിറ്റേന്ന് ഞാന്‍ കാലത്ത് വിളിച്ചു. ‘എടാ ഇതുപോലെ എന്റെ അമ്മച്ചിക്ക് സുഖമില്ലാതെ വന്നാല്‍ നിന്നെ വിളിച്ചാല്‍ എനിക്ക് കിട്ടില്ല, കാരണം നീ സൈലന്റാക്കി വെച്ചേക്കുവായിരിക്കും’ എന്ന് പറഞ്ഞു. ഇങ്ങനെ പരസ്പരം സഹായിക്കേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞു,’ ലാല്‍ പറയുന്നു.