തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ലാൽ. ബെന്യാമിന്റെ ആടുജീവിതം ഒറ്റയിരിപ്പിൽ വായിച്ചുതീർന്ന പുസ്‌തകമാണെന്നും വായിച്ചുകഴിഞ്ഞപ്പോൾ ഒരു പ്രത്യേക അവസ്ഥയായിരുന്നുവെന്നും തന്നെ അത് വല്ലാതെ പിന്തുടരുന്നതുപോലെ തോന്നിയെന്നും ലാൽ പറയുന്നു.
ആടുജീവിതം വായിച്ച് കഴിഞ്ഞപ്പോൾ തന്റെ സുഹൃത്ത് നിർദ്ദേശിച്ച പുസ്തകമായിരുന്നു ബെന്യാമിന്റെ തന്നെ മഞ്ഞവെയിൽ മരണങ്ങളെന്നും ആടുജീവിതത്തിനേക്കാൾ മികച്ച സൃഷ്ടി മഞ്ഞവെയിൽ മരണങ്ങളാണെന്ന് തോന്നിയിട്ടുണ്ടെന്നും ലാൽ പറഞ്ഞു. ആ പുസ്തകം ഒരു സിനിമയാകണമെന്ന ആഗ്രഹം തോന്നിയെന്നും എന്നാൽ സിനിമയായി അതിനെ രൂപപ്പെടുത്തുക എന്നത് എളുപ്പമല്ലെന്ന് തോന്നി ഉപേക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബെന്യാമിന്റെ ആടുജീവിതം ഒറ്റയിരിപ്പിൽ വായിച്ചുതീർന്ന പുസ്‌തകമാണ്. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം വെറും കെട്ടുകഥകൾ മാത്രമാണ് എന്ന അതിന്റെ ടൈറ്റിൽ വാചകംതന്നെ എത്ര സുന്ദരമാണ്. നജീബ് ഞാൻ ഇടവഴിയിലെവിടെയോ കണ്ട ഒരാളെപോലെ തോന്നി, ആടുജീവിതം വായിച്ചുകഴിഞ്ഞപ്പോൾ ഒരു പ്രത്യേക അവസ്ഥയായിരുന്നു. അതെന്നെ വല്ലാതെ പിന്തുടരുന്നതുപോലെ തോന്നി.
അങ്ങനെ ഞാൻ നടൻ നന്ദുവിനെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോൾ നന്ദുവാണ് മഞ്ഞവെയിൽ മരണങ്ങൾ എന്ന ബെന്യാമിൻ്റെ മറ്റൊരു അസാധ്യപുസ്‌തകമുണ്ടെന്ന് പറയുന്നത്. ആടുജീവിതം തന്ന ആവേശമാണ് മഞ്ഞവെയിൽ മരണങ്ങളിലേക്ക് എന്നിലെ വായനക്കാരനെ ഉടൻ എത്തിച്ചത്.
മഞ്ഞവെയിൽ മരണങ്ങൾ വായിച്ച പുസ്‌തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. ആടുജീവിതത്തിനേക്കാൾ മികച്ച സൃഷ്ടി മഞ്ഞവെയിൽ മരണങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ആ നോവലിൻ്റെ അവസാനം വരെ ഒരു ത്രില്ലിങ് ഫാക്ടറുണ്ട്. വ്യത്യസ്തമായ കഥകളെ കൂട്ടിമുട്ടിക്കുന്ന ഒരു ടെക്നിക് വളരെ ഭംഗിയായി ബെന്യാമിൻ മഞ്ഞവെയിൽ മരണങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്.
ആന്ത്രപ്പേറിനെ അന്വേഷിച്ചുള്ള എഴുത്തുകാരന്റെ യാത്ര എത്ര സുന്ദരമായാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്. അത് എന്നെ ഏറെ കൊതിപ്പിച്ചിട്ടുണ്ട്. ഒരു സിനിമാസ്വഭാവം ആ നോവലിന് മൊത്തമായുണ്ട്. അതൊരു സിനിമയാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സിനിമയായി അതിനെ രൂപപ്പെടുത്തുക എന്നത് എളുപ്പമല്ലെന്ന് തോന്നി ഉപേക്ഷിച്ചതാണ്,’ ലാൽ പറയുന്നു.