ലാല്‍ സിങ് ചദ്ദക്ക് 100 കോടി നഷ്ടമായേക്കും, 2022ല്‍ അക്ഷയ് കുമാറിന്റെ ഏറ്റവും വലിയ പരാജയമായി രക്ഷാബന്ധന്‍
Film News
ലാല്‍ സിങ് ചദ്ദക്ക് 100 കോടി നഷ്ടമായേക്കും, 2022ല്‍ അക്ഷയ് കുമാറിന്റെ ഏറ്റവും വലിയ പരാജയമായി രക്ഷാബന്ധന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th August 2022, 4:21 pm

കഴിഞ്ഞയാഴ്ചയാണ് രണ്ട് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ആമിര്‍ ഖാന്റെ ലാല്‍ സിങ് ചദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും. ഇരുചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ചക്രശ്വാസം വലിക്കുകയാണ്. ബോയ്‌കോട്ട് ബോളിവുഡ് ക്യാമ്പെയ്‌നും ചിത്രങ്ങളെ ബാധിച്ചിട്ടുണ്ട്.

ലാല്‍ സിങ് ചദ്ദക്ക് ഇതുവരെ 50 കോടി പോലും നേടാനായിട്ടില്ലെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു. 180 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് കുതിക്കുന്നത്. മറുവശത്ത് തിയേറ്ററുകളിലേക്ക് ആളെ എത്തിക്കാന്‍ രക്ഷാബന്ധനും സാധിക്കുന്നില്ല. ചിത്രം ഇതുവരെ ഇന്ത്യയില്‍ നിന്നും 37.30 കോടിയാണ് നേടിയത്.

2018ലെ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം ആമീര്‍ ഖാന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയചിത്രമാവുകയാണ് ലാല്‍ സിങ് ചദ്ദ. അതേസമയം അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ മാത്രം മൂന്നാമത്തെ പരാജയമാണ് രക്ഷാബന്ധന്‍. ഇതിന് മുമ്പ് ഇറങ്ങിയ ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളും വമ്പന്‍ പരാജയങ്ങളായിരുന്നു.

അതേസമയം തന്റെ ചിത്രങ്ങളുടെ പരാജയത്തിന് ഉത്തരവാദി താന്‍ മാത്രമാണെന്നാണ് അക്ഷയ് കുമാറിന്റെ പ്രതികരണം. തന്റെ സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം തെറ്റാണ്. എന്നില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ മനസിലാക്കേണ്ടതുണ്ട്. എന്ത് തരത്തിലുള്ള സിനിമകള്‍ ചെയ്യണം എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതില്‍ മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അക്ഷയ് പറഞ്ഞു.

ഇമ്രാന്‍ ഹഷ്മിക്കൊപ്പമുള്ള സെല്‍ഫി, രാം സേതു, ഒ.എം.ജി 2, സൂരരൈ പോട്രിന്റെ ഹിന്ദി റീമേക്ക് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍.

Content Highlight: Lal Singh Chadha may lose 100 crores, Akshay Kumar’s biggest flop in 2022 is Rakshabandhan