ഇത് ലാല്‍ സിങ് ചദ്ദയുടെ ലോകം; വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
Entertainment news
ഇത് ലാല്‍ സിങ് ചദ്ദയുടെ ലോകം; വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th July 2022, 11:25 pm

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ഖാന്റെ ലാല്‍ സിങ് ചദ്ദ. ആഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണ സമയത്തുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ലാല്‍ സിങ് ചദ്ദയുടെ ലോകം എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ആമിര്‍ ഖാനും, കരീന കപൂറും, നാഗചൈതന്യയും മറ്റു അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാന്‍ കഴിയും. സിനിമയുടെ പ്രീപ്രൊഡക്ഷന്‍ മുതല്‍ ചിത്രീകരണ വേളയിലെയും രംഗങ്ങള്‍ വീഡിയോയിലുണ്ട്.

ചിത്രത്തിലെ നാഗചൈതന്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

1994 ല്‍ ടോം ഹാങ്ക്സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുങ്ങുന്നത്. 2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍. ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.


അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2018 ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്.

Content Highlight : Lal singh Chaddha Bts video released