മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരില്‍ പ്രധാനിയാണ് ലാല്‍. സംവിധായകനായാണ് ലാല്‍ തുടക്കകാലത്ത് സിനിമയില്‍ തിളങ്ങിയത്. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. തുടര്‍ന്ന് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു.
എം.ടിയുടെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദയ. ആയിരത്തൊന്ന് രാവുകളിലെ ഒരു കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ തിരക്കഥയില്‍ ചെറിയൊരു ഭാഗം എഴുതിയത് ലാല്‍ ആയിരുന്നു. ദയയുടെ തിരക്കഥയില്‍ ഭാഗമായതിന്റെ അനുഭവം പങ്കുവെക്കുകയാണ് ലാല്‍. എം.ടി വാസുദേവന്‍ നായര്‍ ഇപ്പോള്‍ കൂടെയില്ലാത്തതിനാല്‍ എന്തും പറയാമെന്ന ചിന്തയിലല്ല അക്കാര്യം വെളിപ്പെടുത്തിയതെന്ന് ലാല്‍ പറഞ്ഞു.
സംവിധായകന്‍ വേണുവിന് അക്കാര്യം അറിയാമെന്നും താരം പറയുന്നു. ഹോളിവുഡ് സിനിമയായ ഹോം എലോണിലേത് പോലെ ഒരു സീക്വന്‍സാണ് വേണ്ടിയിരുന്നതെന്നും അത് തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് എം.ടി വാസുദേവന്‍ നായര്‍ പിന്മാറിയതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ആ ഭാഗം എഴുതിയത് താനാണെന്നും സംവിധാനം ചെയ്തത് സിദ്ദിഖാണെന്നും അദ്ദേഹം പറഞ്ഞു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ലാല്‍.
‘എം.ടി. സാര്‍ ഇപ്പോള്‍ ഇല്ലല്ലോ, എന്തും വിളിച്ച് പറയാമെന്ന ചിന്തയിലല്ല അക്കാര്യം ഞാന്‍ പറഞ്ഞത്. സംവിധായകന്‍ വേണുവിന് ഇത് അറിയാം. എം.ടി. സാറിന്റെ തിരക്കഥയെന്ന് പറഞ്ഞാല്‍ ഓരോ വാക്കും ശ്രദ്ധിച്ച് സൂക്ഷ്മതയോടെ എഴുതിയ ഒന്നാണ്. അതിലെ ഒരു വാക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാന്‍ പോലും ആര്‍ക്കും ധൈര്യമില്ലായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ തിരക്കഥയിലെ ഒരു ഭാഗം എഴുതാന്‍ എന്നെ ഏല്പിക്കുന്നത്.
ഹോം എലോണ്‍ എന്ന ഇംഗ്ലീഷ് സിനിമയിലേതുപോലുള്ള സീനായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ എഴുതാന്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. അറിയാത്ത കാര്യം അറിയില്ലെന്ന് പറഞ്ഞാണ് അദ്ദേഹം മാറിയത്. ‘ഇത് എനിക്ക് പറ്റാത്ത പണിയാണ്. ലാല്‍ ഇത് എഴുതിക്കോളൂ’ എന്ന് പറഞ്ഞാണ് എം.ടി. സാര്‍ അത് എന്നെ ഏല്പിച്ചത്.
അത്യാവശം നന്നായി തന്നെ അത് ഞാന്‍ എഴുതി. സിദ്ദിഖാണ് അത് സംവിധാനം ചെയ്തത്. എം.ടി. സാറിനെപ്പോലെ വലിയൊരാളുടെ തിരക്കഥയില്‍ എനിക്കും ചെറിയൊരു ഭാഗം എഴുതാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. പിന്നീട് തലപ്പാവ് ഇറങ്ങിയ സമയത്ത് നന്നായിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അധികം സംസാരിക്കാത്ത ആളാണല്ലോ അദ്ദേഹം,’ ലാല്‍ പറയുന്നു.
Content Highlight: Lal shares the experience of writing a small portion of MT Vasudevan Nair’s script