മുമ്പ് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നുവെന്ന കഥ; ആ നടന് അത് കേള്‍ക്കുന്നതേ ദേഷ്യം: ലാല്‍ ജോസ്
Entertainment
മുമ്പ് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നുവെന്ന കഥ; ആ നടന് അത് കേള്‍ക്കുന്നതേ ദേഷ്യം: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 2:50 pm

കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.

ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുകേഷേട്ടനും മറ്റു നടന്മാരുമൊക്കെ ക്യാപ്റ്റന്‍ രാജു ചേട്ടനെ കുറിച്ച് ഒരുപാട് തമാശ കഥകള്‍ ഉണ്ടാക്കാറുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ ഇന്നസെന്‍സിനെ പറ്റിയുള്ള കഥകളാണ് ഇങ്ങനെ ഉണ്ടാക്കാറുള്ളത്. അത് മുഴുവന്‍ ഞാന്‍ പറയുന്നില്ല. കാരണം അദ്ദേഹം ഇന്ന് ഇല്ലല്ലോ. അതുകൊണ്ട് അതൊന്നും പറയുന്നത് ശരിയല്ല.

എല്ലാം തമാശ നിറഞ്ഞ കഥകളാണ്. അതില്‍ ഒന്നാണ്, അദ്ദേഹത്തിന്റെ പേരിലെ ക്യാപ്റ്റന്‍ എന്ന വാക്കിനെ കുറിച്ചുള്ളത്. അദ്ദേഹം മിലിട്ടറിയിലെ ക്യാപ്റ്റനായിരുന്നില്ല, ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു എന്നുള്ള ഒരു കഥ ഉണ്ടായിരുന്നു.

അത് കേള്‍ക്കുമ്പോള്‍ രാജു ചേട്ടന് ദേഷ്യം വരുമായിരുന്നു. ‘ഞാന്‍ അവന് നല്ല ഇടി കൊടുക്കും’ എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത് മമ്മൂക്കയെ കാണാന്‍ തിരുവനന്തപുരത്ത് പോയപ്പോഴാണ്. മറവത്തൂര്‍ കനവ് എന്ന സിനിമയ്ക്ക് ശേഷമായിരുന്നു അത്,’ ലാല്‍ ജോസ് പറയുന്നു.

ഐ.വി ശശിയുടെ ഇനിയെങ്കിലും എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജുവിനെ ആദ്യമായി ഒരു കൊമേഷ്യല്‍ സിനിമയില്‍ കാണുന്നതെന്നും അന്ന് ആ സിനിമയില്‍ അദ്ദേഹം വില്ലനായിരുന്നുവെന്നും സംവിധായകന്‍ വീഡിയോയില്‍ പറഞ്ഞു.

അന്ന് കുട്ടികള്‍ വളരെ അത്ഭുതത്തോടെ ‘അമിതാഭ് ബച്ചനെ പോലെയൊരു നടന്‍ മലയാളത്തില്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നത് താന്‍ കേട്ടുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഐ.വി. ശശിയുടെ സിനിമകളില്‍ കുറേ നായക പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ക്യാപ്റ്റന്‍ രാജു ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.


Content Highlight: Lal Jose Talks  Stories About Captain Raju