വിദ്യാസാഗര്‍ സംഗീതം നല്‍കുന്നതിന് മുമ്പേ ഗിരീഷ് ആ പാട്ടിന് ട്യൂണിട്ടു: ലാല്‍ ജോസ്
Entertainment
വിദ്യാസാഗര്‍ സംഗീതം നല്‍കുന്നതിന് മുമ്പേ ഗിരീഷ് ആ പാട്ടിന് ട്യൂണിട്ടു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 1:58 pm

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2001 പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. സുരേഷ് ഗോപി, ബിജു മേനോന്‍, തിലകന്‍, പൂര്‍ണ്ണിമ, ലെന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ഇതില്‍ സുരേഷ് ഗോപി ഇരട്ട വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരുന്നത്.

സിനിമയിലെ ശ്രദ്ധിക്കപ്പെട്ട പാട്ടുകളിലൊന്നായിരുന്നു ‘മറന്നിട്ടുമെന്തിനോ’. വിദ്യാസാഗറിന്റെ സംഗീതത്തിന് വരികള്‍ നല്‍കിയത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. മറന്നുപോയ ചില കാര്യങ്ങള്‍ നമ്മളെ വീണ്ടും ഓര്‍മിപ്പിക്കുന്ന തരത്തിലൊരു പാട്ടെന്നായിരുന്നു ആശയമെന്നും അങ്ങനെയാണ് ഗിരീഷ് ആ പാട്ട് എഴുതിയതെന്നും ലാല്‍ ജോസ് പറയുന്നു. ഗിരീഷ് ആ പാട്ട് എഴുതുമ്പോള്‍ തന്നെ അത് ട്യൂണ്‍ഡായെന്നും ശേഷം ഈ പാട്ട് ഹാര്‍മോണിയത്തില്‍ വായിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘മറന്നു എന്ന് വിചാരിക്കുന്ന ചില കാര്യങ്ങള്‍ സ്വപ്‌നത്തില് നമ്മളെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തും. അല്ലെങ്കില്‍ നമ്മള്‍ വിട്ടുകളയാന്‍ വിചാരിച്ചിട്ട് മനസിന്റെ ഒരു മൂലയിലേക്ക് നീക്കിവെച്ച കാര്യം വീണ്ടും നമ്മളെ ഓര്‍മിപ്പിക്കും.

അത്തരത്തിലൊരു ഗാനമാണ് മറന്നിട്ടുമെന്തിനോ. അങ്ങനെ എഴുതിയതാണ് ഗിരീഷ് ആ പാട്ട്. ഞാനും ഗിരീഷും ചേര്‍ന്ന് റൂമിലേക്ക് ചെല്ലുമ്പോള്‍ വിദ്യാസാഗര്‍ അവിടെ ഉണ്ട്. ഗിരീഷ് ആ പാട്ട് പറഞ്ഞ് എഴുതുന്നത് തന്നെ ട്യൂണായിട്ടാണ്. എഴുതുമ്പോള്‍ അത് ട്യൂണ്‍ഡായി. അതുകഴിഞ്ഞ് അദ്ദേഹം ഹാര്‍മോണിയത്തില്‍ വായിക്കുന്നത് ഈ ട്യൂണിലാണ്,’ ലാല്‍ ജോസ് പറയുന്നു.

Content highlight: Lal Jose talks about the song “Marannittumenthino” from the movie “randaam Bhaavam