ചേച്ചിയെ ആദരിക്കുന്ന ചടങ്ങിന് ശേഷം അവര്‍ എന്നെ കെട്ടിപിടിച്ച് ഒരുകാര്യം പറഞ്ഞു; അത് കേട്ട് ഞാന്‍ ക്ഷുഭിതനായി: ലാല്‍ ജോസ്
Entertainment
ചേച്ചിയെ ആദരിക്കുന്ന ചടങ്ങിന് ശേഷം അവര്‍ എന്നെ കെട്ടിപിടിച്ച് ഒരുകാര്യം പറഞ്ഞു; അത് കേട്ട് ഞാന്‍ ക്ഷുഭിതനായി: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 9:26 am

അഞ്ച് പതിറ്റാണ്ടോളം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന മികച്ച നടിമാരില്‍ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച സഹ നടിക്കുള്ള നാഷണല്‍ അവാര്‍ഡും സ്വന്തമാക്കിയ സുകുമാരി മലയാളത്തില്‍ പ്രിയദര്‍ശന്‍, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു. 2013 ലാണ് സുകുമാരി അന്തരിക്കുന്നത്.

ഒരിക്കല്‍ ഒരു വേദിയില്‍ വെച്ച് സുകുമാരിയെ ആദരിക്കാന്‍ കിട്ടിയ അവസരത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ജോസ്. താനായിരുന്നു ആ ചടങ്ങില്‍ അതിഥിയെന്നും സുകുമാരിക്ക് ആദ്യമായി ലഭിക്കുന്ന ആദരവാണ് അതെന്നറിഞ്ഞപ്പോള്‍ വലിയ അത്ഭുതം തോന്നിയെന്നും ലാല്‍ജോസ് പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുരുവായൂരില്‍ വെച്ച് കുറച്ചാളുകള്‍ ചേര്‍ന്ന് സുകുമാരി ചേച്ചിയെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ആദരിക്കാന്‍ വിളിച്ചത് എന്നെയായിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സുകുമാരിയമ്മക്ക് കൃഷ്ണന്റെ ഒരു ഫലകമൊക്കെ നല്‍കുന്നുണ്ട്. അത് കഴിഞ്ഞ ശേഷം സുകുമാരി ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് ചെവിയില്‍ പറഞ്ഞു, ആദ്യമായിട്ടാണ് ഒരു ആദരവ് ലഭിക്കുന്നതെന്ന്.

അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. കാരണം എത്രയോ ആളുകളെ ആദരിക്കുന്ന പരിപാടികളില്‍ എല്ലാ കാര്യങ്ങളും സെറ്റ് ചെയ്യാനും മുന്നില്‍ നില്‍ക്കാനുമെല്ലാം ഓടി നടന്ന ആളാണ് സുകുമാരി ചേച്ചി. ചേച്ചിക്കൊക്കെ ഒരു ആദരവ് എപ്പോഴോ കിട്ടേണ്ടതാണ്. അത് കേട്ടപ്പോള്‍ ഞാന്‍ ആകെ ക്ഷുഭിതനായി.

അപ്പോള്‍ ചേച്ചി പറഞ്ഞത്, അതുകൊണ്ടൊന്നും കാര്യമല്ല മോനെ എന്നായിരുന്നു. ചെന്നൈയില്‍ ആയിരുന്നു താമസിച്ചിരുന്നത്. കേരളത്തില്‍ ഒരു ബേസ് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ചേച്ചി കുറച്ചുകൂടെ നേരത്തെ ആദരിക്കപ്പെട്ടേനെ,’ലാല്‍ജോസ് പറയുന്നു.

Content Highlight: Lal Jose Talks About Sukumari