പത്ത് പ്രാവശ്യം മണ്ടന്മാരാക്കിയാലും വീണ്ടും അതിൽ ക്ലിക്ക് ചെയ്യും: ലാൽ ജോസ്
Malayalam Cinema
പത്ത് പ്രാവശ്യം മണ്ടന്മാരാക്കിയാലും വീണ്ടും അതിൽ ക്ലിക്ക് ചെയ്യും: ലാൽ ജോസ്
നന്ദന. ടി
Tuesday, 7th July 2026, 10:40 am

മലയാള സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കുടുംബചിത്രങ്ങളും പ്രണയകഥകളും സാമൂഹിക പ്രമേയങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹം, നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം മുതൽ സിനിമാരംഗത്ത് സജീവമായ അദ്ദേഹം, നിരവധി പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുകയും നിരവധി അഭിനേതാക്കളുടെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങൾ ഒരുക്കുകയും ചെയ്ത സംവിധായകരിലൊരാളാണ്.

ലാൽ ജോസ്.photo.screen grab/youtube

സിനിമയിലെന്നപോലെ സമൂഹത്തിലെ വിവിധ വിഷയങ്ങളെ നിരീക്ഷിക്കുന്ന ലാൽ ജോസ്, പുതിയ കാലത്തെ സോഷ്യൽ മീഡിയയുടെ അതിരുകടന്ന പ്രവണതകളെക്കുറിച്ചു സംസാരിക്കുകയാണ്. യു.എ.ഇ വാർത്ത എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളുടെ കൈയിൽ ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ അതിലെ ലൈക്കുകൾക്കും വ്യൂസിനും പണം കിട്ടും. അതിൽ എത്ര ആളുകൾ എത്രനേരം ഒരു സാധനം കണ്ടുകൊണ്ടിരിക്കുന്നുവോ, അതിനനുസരിച്ചാണ് പണം ലഭിക്കുക. അങ്ങനെ നോക്കുമ്പോൾ, പണിയില്ലാത്ത അല്ലെങ്കിൽ വേറെ കഴിവുകളൊന്നുമില്ലാത്ത ഒരുപാട് ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ടെന്നാണ് അതിന്റെ അർത്ഥം. കാരണം അവർക്ക് വേറെ വല്ല പണിയുമുണ്ടെങ്കിൽ ഈ മൊബൈലും പിടിച്ച് എല്ലാ സ്ഥലത്തും പോയി ഇങ്ങനെ നിൽക്കാൻ പറ്റില്ലല്ലോ. അപ്പോൾ ജീവിക്കാൻ ഒരു മാർഗ്ഗമില്ലാത്തവർക്ക് മുന്നിൽ ഒരു സാധ്യത കിട്ടുമ്പോൾ അവർ അത് ഉപയോഗിക്കുകയാണ്, അതുകൊണ്ട് അവരെ മാത്രം കുറ്റം പറയാൻ പറ്റില്ല.

പിന്നെ, അവർ നല്ല വാർത്തകൾ മാത്രം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ അത് കാണാൻ ആളുണ്ടാകില്ല. മറിച്ച്, ‘ആ ഹോട്ടൽ മുറിയിൽ നടി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും’ എന്ന് എഴുതിയാൽ, നമ്മുടെ ഈ സോ കോൾഡ് ബുദ്ധിജീവികളും സദാചാരവാദികളും ഒക്കെ ആ ഹോട്ടലിൽ നടി ചെയ്തത് കണ്ട് ഞെട്ടാൻ വേണ്ടി അതിൽ ക്ലിക്ക് ചെയ്യും. എന്നാൽ തുറന്ന് നോക്കിയാൽ, അവർ ആ ഹോട്ടൽ മുറിയിലെ ജനൽ തുറന്നിട്ട് പുറത്തേക്ക് നോക്കി നിൽക്കുകയായിരിക്കും, അത്രയേ അവർ ചെയ്തിട്ടുണ്ടാകൂ.

ഇങ്ങനെ അവർ നിങ്ങളെ മണ്ടന്മാരാക്കും. പത്തു പ്രാവശ്യം മണ്ടന്മാരാക്കിയാലും നിങ്ങൾ വീണ്ടും അങ്ങനെയൊരു തംബ്‌നെയിലോ തലക്കെട്ടോ കണ്ടാൽ അതിൽ പോയി ക്ലിക്ക് ചെയ്യും. അപ്പോൾ കുഴപ്പം നിങ്ങളുടെതു കൂടിയാണ്, അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് അതിൽ നിന്നൊരു വരുമാനം കിട്ടുന്നുണ്ട്. അതുകൊണ്ട് എന്ത് മാർഗ്ഗത്തിലൂടെയും ഒരു കോൺടെന്റ് ഉണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ആ സ്ഥലത്തെ വൈകാരികമായ അവസ്ഥയോ സിറ്റുവേഷനോ ഒന്നും നോക്കാതെ, തീർത്തും സംസ്കാരശൂന്യമായി അവർ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് കാണുമ്പോൾ അവരെ നിയന്ത്രിക്കാൻ കൃത്യമായ നിയമം ഉണ്ടാവണം. നിയമം വഴി മാത്രമേ അവരെ നിയന്ത്രിക്കാൻ പറ്റൂ, അല്ലാതെ ബോധവത്കരിക്കാൻ നോക്കിയിട്ട് കാര്യമില്ല,’ ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസ്.photo.screen grab/youtube

Content Highlight: Lal Jose talks about sensationalism and accountability on social media content creation

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം