മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ സിനിമയുടെ തിരക്കഥ രചിച്ചത് ബോബി – സഞ്ജയ്മാര്‍ ആയിരുന്നു.
2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ പൃഥ്വിക്ക് പുറമെ സംവൃത സുനില്‍, നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു.
ഇപ്പോള്‍ സിനിമയില്‍ പ്രതാപ് പോത്തന്‍ ചെയ്ത കഥാപാത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അയാളും ഞാനും തമ്മില്‍ എന്ന തിരക്കഥ ഞങ്ങള്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അന്ന് പൃഥ്വിരാജ് അവതരിപ്പിച്ച രവി തരകന്‍ എന്ന കഥാപാത്രത്തിന്റെ മെന്ററായ ഡോക്ടര്‍ സാമുവലിന്റെ കഥാപാത്രത്തെ കുറിച്ച് എഴുതുമ്പോള്‍ ബോബിയുടെയും സഞ്ജയ്യുടെയും മനസില്‍ ഉണ്ടായിരുന്നത് നസ്റുദ്ദീന്‍ ഷാ ആയിരുന്നു.
പക്ഷെ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ മലയാളം പറയാന്‍ അറിയാത്തത് കൊണ്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറയുകയായിരുന്നു. ആ കഥാപാത്രം ഇംഗ്ലീഷ് കലര്‍ന്ന മലയാളം പറഞ്ഞാല്‍ മതിയായിരുന്നു. കാരണം ഒരു ഹില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് അയാള്‍.
ഇംഗ്ലീഷ് കലര്‍ത്തി മലയാളം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞിട്ടും നസ്റുദ്ദീന്‍ ഷായ്ക്ക് അതില്‍ വലിയ വിശ്വാസമില്ലായിരുന്നു. അങ്ങനെ പകരം ആരെ കൊണ്ടുവരാമെന്ന് ചിന്തിച്ചു. പല വിചിത്രമായ കാസ്റ്റിങ്ങും ആളുകള്‍ സജസ്റ്റ് ചെയ്തു.
ഞാന്‍ സ്ഥലത്തില്ലാത്ത സമയത്ത് എന്നോട് ചോദിക്കാതെ തന്നെ ചില ആര്‍ട്ടിസ്റ്റുകളെ അവര്‍ കണ്ടിരുന്നു. പക്ഷെ അതൊന്നും പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. നസ്റുദ്ദീന്‍ ഷായെ കൊണ്ടുവരുന്നത് നടക്കില്ലെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പേര് പ്രതാപ് പോത്തന്റേത് ആയിരുന്നു.
ആ സമയത്താണ് ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ കൊടും വില്ലനായി അദ്ദേഹം അഭിനയിക്കുന്നത്. അതായിരുന്നു പ്രതാപ് പോത്തന്റെ തിരിച്ചുവരവ്,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Pratap pothen’s Casting In Ayalum Njanum Thammil Movie