ടീച്ചറെ പ്രണയിക്കുന്ന സ്റ്റുഡന്റ്; അന്ന് വരെ കണ്ടിട്ടില്ലാത്ത നായകസങ്കല്‍പമായിട്ടും ആ നടനെ യുവാക്കള്‍ ആരാധിച്ചു: ലാല്‍ ജോസ്
Entertainment
ടീച്ചറെ പ്രണയിക്കുന്ന സ്റ്റുഡന്റ്; അന്ന് വരെ കണ്ടിട്ടില്ലാത്ത നായകസങ്കല്‍പമായിട്ടും ആ നടനെ യുവാക്കള്‍ ആരാധിച്ചു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 7:34 am

കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.

ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലില്‍ നടന്‍ പ്രതാപ് പോത്തനെ കുറിച്ച് പറയുകയാണ് സംവിധായകന്‍.

അന്ന് താന്‍ സംവിധായകന്‍ ഭരതന്റെ വലിയ ആരാധകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരവം, തകര എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തന്‍ എന്ന നടന്‍ മലയാളികളായ കൗമാരക്കാരുടെ മനസില്‍ കയറുന്നതെന്നും ലാല്‍ ജോസ് പറയുന്നു.

അന്നുവരെ കണ്ടിട്ടില്ലാത്ത നായക സങ്കല്‍പവും രൂപവും മുഖവുമുള്ള നടനെ ഇരുസിനിമകളും കണ്ട് ആളുകള്‍ ആരാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചാമരം എന്ന സിനിമയില്‍ അധ്യാപികയെ പ്രണയിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിയായി എത്തിയതോടെയാണ് യുവാക്കള്‍ പ്രതാപ് പോത്തനെ ആരാധിക്കാന്‍ തുടങ്ങുന്നതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

‘കോളേജിലെ ആദ്യ വര്‍ഷങ്ങിലും സ്‌കൂളിലെ അവസാന വര്‍ഷങ്ങളിലുമാണ് ഞാന്‍ പ്രതാപ് പോത്തന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. അന്ന് ഞാന്‍ സംവിധായകന്‍ ഭരതേട്ടന്റെ വലിയ ആരാധകനായിരുന്നു.

അദ്ദേഹത്തിന്റെ ആരവം, തകര എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തന്‍ എന്ന നടന്‍ മലയാളികളായ കൗമാരക്കാരുടെ മനസില്‍ കയറുന്നത്. അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു നായക സങ്കല്‍പവും രൂപവും മുഖവുമായിരുന്നു അദ്ദേഹത്തിന്.

ആ രണ്ട് സിനിമകളും കണ്ട് അദ്ദേഹത്തെ ഞങ്ങള്‍ ആരാധിച്ചു. എന്നാല്‍ യുവാക്കള്‍ ശരിക്കും അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങുന്നത് ഭരതേട്ടന്‍ തന്നെ സംവിധാനം ചെയ്ത ചാമരം എന്ന സിനിമയിലൂടെയാണ്.

ടീച്ചറെ പ്രണയിക്കുന്ന സ്റ്റുഡന്റായിട്ടാണ് പ്രതാപ് പോത്തന്‍ ആ സിനിമയില്‍ അഭിനയിച്ചിരുന്നത്. അക്കാലത്ത് വലിയ വിപ്ലവം സൃഷ്ടിച്ച കാര്യമായിരുന്നു അത്,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Pratap Pothen