ചെറിയകുട്ടിക്ക് വലിയും കുടിയും തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി നീനയില്‍ നിന്നും ആ പെണ്‍കുട്ടിയെ ഒഴിവാക്കി: ലാല്‍ ജോസ്
Entertainment
ചെറിയകുട്ടിക്ക് വലിയും കുടിയും തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി നീനയില്‍ നിന്നും ആ പെണ്‍കുട്ടിയെ ഒഴിവാക്കി: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 10:34 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ്. അദ്ദേഹം സംവിധാനം ചെയ്ത് നിര്‍മിച്ച ചിത്രമാണ് നീന. ദീപ്തി സതി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ നീന, നളിനി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2015ലാണ് തിയേറ്ററുകളില്‍ എത്തിയത്.

ദീപ്തി സതിയുടെ നീന എന്ന പെണ്‍കുട്ടിയായി താന്‍ ആദ്യം ആലോചിച്ച താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍ എന്ന് പറയുകയാണ് ലാല്‍ ജോസ്. പെണ്‍കുട്ടികള്‍ പലരും ആ കഥാപാത്രത്തെ റിജക്റ്റ് ചെയ്തത് മുടി വെട്ടുന്ന കാര്യം പറയുമ്പോഴായിരുന്നുവെന്നും അതിനാല്‍ അന്ന് അനാര്‍ക്കലിയെ നേരിട്ട് ചെന്നുകണ്ട് സിനിമക്കായി മുടി വെട്ടാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

അനാര്‍ക്കലി മുടിവെട്ടുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നുവെന്നും പക്ഷെ അന്ന് താരം പത്തിലോ മറ്റോ പഠിക്കുകയായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. അത്രയും ചെറിയ കുട്ടിയെ കൊണ്ട് വലിയും കുടിയുമൊക്കെ തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതിയാണ് അനാര്‍ക്കലിയെ ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ മന്ദാകിനിയുടെ ഭാഗമായി സില്ലിമോങ്കസ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനാര്‍ക്കലി മരയ്ക്കാറാണ്.

‘അനാര്‍ക്കലി മരയ്ക്കാര്‍ ഞാന്‍ നീന എന്ന സിനിമയിലേക്ക് നായികയായി ആദ്യം ആലോചിച്ച കുട്ടിയാണ്. അന്ന് നേരിട്ട് ചെന്നുകണ്ട് സിനിമക്കായി മുടി വെട്ടാന്‍ പറ്റുമോയെന്ന് ചോദിച്ചു. കാരണം പെണ്‍കുട്ടികള്‍ പലരും ആ കഥാപാത്രത്തെ റിജക്റ്റ് ചെയ്തത് മുടി വെട്ടുന്ന കാര്യം പറഞ്ഞപ്പോഴാണ്.

എന്നാല്‍ അനാര്‍ക്കലി മുടിവെട്ടുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞു. അങ്ങനെ തന്നെയായിരുന്നു അവളുടെ മുടി ഉണ്ടായിരുന്നത്. പക്ഷെ അന്ന് അനാര്‍ക്കലി പത്തിലോ മറ്റോ പഠിക്കുകയാണ്. അത്രയും ചെറിയ കുട്ടിയെ കൊണ്ട് വലിയും കുടിയുമൊക്കെ നമ്മളായി തന്നെ തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി.

കുറച്ചുകൂടെ മെച്ചുവേര്‍ഡായ ആളെ നോക്കാന്‍ തീരുമാനിച്ചു. പിന്നീട് ഞാന്‍ ഡിസ്ട്രിബ്യൂട്ട് ചെയ്ത ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി സിനിമയിലേക്ക് വന്നത്. അന്ന് വീട്ടില്‍ പോയി കാപ്പികുടിച്ച് പോരുമ്പോള്‍ കണ്ടതല്ലാതെ പിന്നീട് അനാര്‍ക്കലിയെ ഞാന്‍ കണ്ടിട്ടില്ല. മന്ദാകിനിയുടെ സമയത്താണ് കാണുന്നത്,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Neena Movie