പി.ആര്‍. നാഥന്‍ രചന നിര്‍വഹിച്ച് കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ശുഭയാത്ര. 1990ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജയറാമും പാര്‍വതിയുമായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്. ഒപ്പം ഇന്നസെന്റ്, കെ.പി.എ.സി ലളിത, മാമുക്കോയ, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയായിരുന്നു സിനിമയില്‍ ഒന്നിച്ചത്.
അന്ന് കമലിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നത് സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ശുഭയാത്ര സിനിമയുടെ ഷൂട്ടിങ് സമയത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ലാല്‍ ജോസ്. ചിത്രത്തില്‍ മാമുക്കോയയുടെ കൂടെ ഉണ്ടായിരുന്ന ഗുണ്ടകളില്‍ ഒരാള്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
‘കമല്‍ സാര്‍ ശുഭയാത്ര എന്ന ഒരു സിനിമ ചെയ്തിരുന്നു. ജയറാമേട്ടനും പാര്‍വതിയും ആയിരുന്നു അതില്‍ നായികനും നായകനുമായി എത്തിയത്. ആ സിനിമയ്ക്ക് ശേഷമായിരുന്നു അവര്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നത്.
ശുഭയാത്ര സിനിമയില്‍ മാമുക്കയും അഭിനയിച്ചിരുന്നു. മുംബൈയില്‍ ഹഫ്ത്ത പിരിക്കാന്‍ വരുന്ന ഒരു ഗുണ്ട ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്. അതില്‍ മാമുക്കയുടെ കൂടെ രണ്ട് സഹ ഗുണ്ടകള്‍ കൂടെ ഉണ്ടായിരുന്നു. നല്ല മസിലുള്ള ആളുകളായിരുന്നു അവര്‍.
എപ്പോഴും അവര്‍ മാമുക്കയുടെ കൂടെ തന്നെ ഉണ്ടാകുമായിരുന്നു. മാമുക്ക ഓരോരുത്തരെയും ഭീഷണിപ്പെടുത്തി പൈസ പിരിക്കും. അതായിരുന്നു ആ സിനിമയില്‍ കാണിച്ചത്. അതില്‍ അദ്ദേഹത്തിന്റെ കൂടെയുള്ള ഗുണ്ടകളില്‍ ഒരാളെ ഇപ്പോള്‍ എല്ലാര്‍ക്കും അറിയാം.
തമിഴില്‍ വലിയ നടനായി മാറിയ നായകനായും സംവിധായകനായും മാറിയ മന്‍സൂര്‍ അലി ഖാന്‍ ആയിരുന്നു അത്. പിന്നീട് കഥ-തിരക്കഥ-സംഭാഷണം എന്നിവയൊക്കെ ഒരുക്കുകയും ക്യാമറ കൈകാര്യം ചെയ്യുകയുമൊക്കെയായി സിനിമയില്‍ വലിയ ആളായി അദ്ദേഹം മാറി.
മദ്രാസില്‍ നിന്ന് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ മാമുക്കയുടെ കൂടെ നിര്‍ത്തിയതായിരുന്നു. അപ്പോഴാണ് മന്‍സൂര്‍ അലി ഖാന്‍ വരുന്നത്. അവസാന നിമിഷം ചാന്‍സ് ചോദിച്ച് വന്നതായിരുന്നു അദ്ദേഹം. അയാളെ കണ്ടതും കമല്‍ സാറിന് എന്തോ ഇഷ്ടം തോന്നുകയും അഭിനയിപ്പിക്കുകയും ചെയ്തു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Mansoor Ali Khan And Mamukkoya