മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമക്കും ആ പ്രത്യേകതയുണ്ട്; എന്നിട്ടും ശ്രദ്ധിക്കപ്പെട്ടു: ലാല്‍ ജോസ്
Entertainment
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമക്കും ആ പ്രത്യേകതയുണ്ട്; എന്നിട്ടും ശ്രദ്ധിക്കപ്പെട്ടു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th July 2025, 7:03 am

മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. കമലിനൊപ്പം നിരവധി സിനിമകളില്‍ ലാല്‍ ജോസ് പ്രവര്‍ത്തിച്ചു.

പിന്നീട് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായത്. ശേഷം സിനിമാപ്രേമികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ നല്‍കാന്‍ ലാല്‍ ജോസിന് സാധിച്ചിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം തന്റെ സിനിമകളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലാല്‍ ജോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കോലാഹലം. റഷീദ് പറമ്പില്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത മുഖങ്ങളാണ് ഈ സിനിമയില്‍ കൂടുതലും. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ടും വലിയ താരങ്ങളൊന്നും ഇല്ലാതെ വന്ന സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ അച്ഛനുറങ്ങാത്ത വീട്, സോളമന്റെ തേനീച്ചകള്‍, നീന തുടങ്ങിയ സിനിമകളൊക്കെ വലിയ അറിയപ്പെടുന്ന താരങ്ങള്‍ ഇല്ലാതെ വന്ന സിനിമകളാണ്. അതൊക്കെ അത്യാവശ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

എന്റെ സിനിമകള്‍ മാത്രമല്ല, മറ്റ് പല ആളുകളുടെ സിനിമകളും ഇത്തരത്തില്‍ അഭിനയിക്കുന്നത് അറിയപ്പെടാത്ത ആളുകള്‍ ആയിരുന്നിട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നത് ഇതുപോലെ വന്ന ഒരു സിനിമയായിരുന്നല്ലോ.

പുതിയ സംവിധായകനും ഒരു പുതിയ സംഘം ആളുകളുമായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. അതും 1980ലാണ് ആ അത്ഭുതം സംഭവിക്കുന്നത്. പണ്ടും അറിയപ്പെടാത്ത ആളുകളെ വെച്ച് വന്ന സിനിമകള്‍ വിജയമായിരുന്നു. ഇപ്പോള്‍ അതിന് കുറച്ചു കൂടി അനുകൂലമായ സമയമാണെന്ന് വേണമെങ്കില്‍ പറയാം,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Manjil Virinja Pookkal