ആ കാരണം കൊണ്ട് എനിക്ക് എവിടെയും രഹസ്യമായി പോകാന്‍ പറ്റില്ല: ലാല്‍ ജോസ്
Entertainment
ആ കാരണം കൊണ്ട് എനിക്ക് എവിടെയും രഹസ്യമായി പോകാന്‍ പറ്റില്ല: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 9:44 pm

1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായ വ്യക്തിയാണ് ലാല്‍ ജോസ്. അതിനുമുമ്പ് സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

പിന്നീട് നിരവധി സിനിമകള്‍ ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഇപ്പോള്‍ സംവിധാനത്തിന് പുറമെ അഭിനയിക്കാനും തയ്യാറാണ് ഈ സംവിധായകന്‍. അതേസമയം മലയാളികള്‍ക്ക് കേട്ടാല്‍ ഉടനെ തിരിച്ചറിയുന്ന ശബ്ദത്തിന് ഉടമ കൂടിയാണ് ലാല്‍ ജോസ്.

മലയാളികള്‍ തന്റെ ശബ്ദം കേട്ട് തിരിച്ചറിയുന്നതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് പറയുകയാണ് അദ്ദേഹം. അതേസമയം തനിക്ക് എവിടെയും രഹസ്യമായിട്ട് പോകാന്‍ പറ്റില്ലെന്നും ലാല്‍ ജോസ് പറയുന്നു. ഞാന്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ആളുകള്‍ എന്റെ ശബ്ദം കേട്ട് തിരിച്ചറിയുന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷെ അപ്പോഴും ഏറ്റവും നല്ല കാര്യവും ഏറ്റവും മോശമായ കാര്യവും ആളുകളെ ആകര്‍ഷിക്കും എന്നതാണ് സത്യം. കേരളത്തിലെ ഏറ്റവും മനോഹരമായ ശബ്ദം ദാസേട്ടന്റേതാണ്.

അതേസമയം ഏറ്റവും മോശമായ ശബ്ദം എന്റേതാണ്. പക്ഷെ രണ്ടിനും ഒരേ റീച്ചാണ് കിട്ടുന്നത് (ചിരി). ഞാന്‍ മുമ്പ് ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് കാണാനായി പോയ സമയത്ത് നടന്ന കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

അന്ന് ടിക്കറ്റ് എടുക്കാന്‍ വേണ്ടി ക്യൂവില്‍ നിന്നതായിരുന്നു ഞാന്‍. അവിടെ ചെന്നപ്പോള്‍ ഞാന്‍ മലയാളികളെ ആരെയും കണ്ടിരുന്നില്ല. ഞാന്‍ ആണെങ്കില്‍ വൂളന്‍ ഡ്രസും കാര്യങ്ങളുമൊക്കെയിട്ട് ആളെ മനസിലാകാത്ത രീതിയിലാണ് നില്‍ക്കുന്നത്.

എന്റെ മുമ്പിലും പിറകിലുമായി നില്‍ക്കുന്ന ആളുകള്‍ ഇന്ത്യക്കാര്‍ ആണെന്ന് എനിക്ക് മനസിലായിരുന്നു. ഇതിനിടയില്‍ എനിക്ക് പെട്ടെന്ന് ഒരു ഫോണ്‍ വന്നു. ഞാന്‍ ഫോണെടുത്ത് മലയാളത്തില്‍ സംസാരിച്ചു.

അതോടെ അവിടെ നിന്ന ആളുകള്‍ മുഴുവന്‍ എന്റെ നേരെ തിരിഞ്ഞു. ‘ലാല്‍ ജോസ് ആണോ?’ എന്ന് അത്ഭുതത്തോടെ ചോദിച്ചു. അവര്‍ക്ക് എന്നെ കണ്ടിട്ട് മനസിലായിരുന്നില്ല. പക്ഷെ എന്റെ ശബദം കേട്ടപ്പോള്‍ തിരിച്ചറിഞ്ഞു.

അത് പലപ്പോഴും കൗതുകമുള്ള കാര്യമാണ്. പക്ഷെ എനിക്ക് എവിടെയും രഹസ്യമായിട്ട് പോകാന്‍ പറ്റില്ല എന്നതാണ് മറ്റൊരു കാര്യം. എനിക്കാണെങ്കില്‍ ശബ്ദം മാറ്റി സംസാരിക്കാനും ആവില്ല (ചിരി),’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About His Voice