അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.
തന്റെ സിനിമ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്തും വീട്ടുകാര്‍ക്ക് തന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. 6000 രൂപ മാസവരുമാനമുള്ള തനിക്ക് 25000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്ത് തന്റെ അച്ഛന്റെ ഒരു ബന്ധു തനിക്ക് ഗള്‍ഫില്‍ ജോലി ശരിയാക്കിയിരുന്നുവെന്നും എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.
‘അസിസ്റ്റന്റ് ഡയറക്ടറായി കഴിയുമ്പോഴും വീട്ടുകാര്‍ക്ക് എന്നെക്കുറിച്ച് ആശങ്കയായിരുന്നു. അപ്പച്ചന്റെ ഒരു ബന്ധു എനിക്ക് ഗള്‍ഫില്‍ ജോലി ശരിയാക്കി. 6000 രൂപ മാസവരുമാനമുള്ള എനിക്ക് 25000 രൂപയാണ് മാസശമ്പളം വാഗ്ദാനം ചെയ്തത്. പക്ഷേ, ഞാന്‍ വഴങ്ങിയില്ല. എന്ത് സൗഭാഗ്യമുണ്ടായാലും സിനിമ വിട്ടൊരു ജീവിതത്തെപ്പറ്റി അപ്പോഴെനിക്ക് ആലോചിക്കാന്‍ പോലും പറ്റുമായിരുന്നില്ല.
‘പാവം പാവം രാജകുമാരന്റെ’ കൊടുങ്ങല്ലൂരിലെ സെറ്റില്‍ വന്ന് അപ്പച്ചന്‍ കമല്‍ സാറിനെ കണ്ടു. സാര്‍ ഒന്നുപദേശിക്കണമെന്ന് പറഞ്ഞു. കമല്‍ സാര്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തി, ‘മാഷേ അവനിവിടെ നിന്നോട്ടെ. അവന് സിനിമയില്‍ ഒരു ഭാവിയുണ്ട്’ എന്ന്. ആ വിശ്വാസം എനിക്ക് ആത്മവിശ്വാസത്തിന്റെ മലയാണ് തന്നത്,’ ലാല്‍ ജോസ് പറയുന്നു.