ക്ലാസ്‌മേറ്റ്‌സിനെ ക്രിഞ്ചെന്നും കുണുഞ്ചെന്നും പറയുന്നവര്‍ അവരുടെ പാസ്റ്റിനെയാണ് തള്ളി പറയുന്നത്: ലാല്‍ ജോസ്
Entertainment
ക്ലാസ്‌മേറ്റ്‌സിനെ ക്രിഞ്ചെന്നും കുണുഞ്ചെന്നും പറയുന്നവര്‍ അവരുടെ പാസ്റ്റിനെയാണ് തള്ളി പറയുന്നത്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th May 2024, 8:39 pm

ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കാവ്യ മാധവന്‍ പൃഥ്വിരാജ് സുകുമാരന്‍, നരേന്‍, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയാണ് ഉള്ളത്.

2006ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ക്ലാസ്‌മേറ്റ്‌സ് ഇന്നും മികച്ച ഒരു ക്യാമ്പസ് സിനിമയായിട്ടാണ് കരുതുന്നത്. മിക്ക ക്യാമ്പസ് സിനിമകളും പിന്നീട് ക്രിഞ്ചാണെന്ന അഭിപ്രായങ്ങള്‍ വരാറുണ്ട്. എന്നാല്‍ ക്ലാസ്‌മേറ്റ്‌സിന് മാത്രം അത്തരം അഭിപ്രായം വന്നിട്ടില്ല.

അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. താന്‍ അഭിനയിച്ച മന്ദാകിനി എന്ന ചിത്രത്തിന്റെ ഭാഗമായി സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിഞ്ച് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആ വാക്ക് എനിക്ക് പരിചയമില്ല. ക്ലാസ്‌മേറ്റ്‌സിലെ ക്യാരക്റ്ററൈസേഷനും മറ്റും വളരെ ജെനുവിനായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ള ക്യാമ്പസുകളുടെ ഈച്ച കോപ്പിയാണ് ക്ലാസ്‌മേറ്റ്‌സ് എന്ന് അന്നത്തെ ക്യാമ്പസുകളില്‍ ഉണ്ടായിരുന്നവര്‍ക്കൊക്കെ അറിയുന്ന കാര്യമാണ്.

അതില്‍ ഒരു മാറ്റവുമില്ല. ഇതിലെ കഥാപാത്രങ്ങളെയൊക്കെ അന്നത്തെ എല്ലാ ക്യാമ്പസുകളിലും കാണാം. ഒരു സുകുവും പഴന്തുണിയും മുരളിയും സതീശന്‍ കഞ്ഞിക്കുഴിയുമൊക്കെ എല്ലാ ക്യാമ്പസിലും ഉണ്ടാകും. അതുകൊണ്ട് ഈ സിനിമ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയും. അപ്പോള്‍ ഇതിനെ ക്രിഞ്ചെന്നും കുണുഞ്ചെന്നും പറഞ്ഞാല്‍ അവര്‍ അവരുടെ പാസ്റ്റിനെയാണ് തള്ളി പറയുന്നത്.

കാരണം ഇങ്ങനെ തന്നെയാണ് അന്നത്തെ ക്യാമ്പസുകള്‍. പുതിയ പിള്ളേര്‍ക്ക് ക്രിഞ്ചാണോ അല്ലാത്തതാണോ എന്നറിയില്ല. കാരണം അവരുടെ ക്യാമ്പസ് ഇങ്ങനെയല്ല. അവര്‍ക്ക് ഇങ്ങനെയായിരുന്നോ മുമ്പത്തെ ക്യാമ്പസ് എന്നോര്‍ത്ത് അത്ഭുതമാണ് ഉണ്ടാകുക. അതുകൊണ്ടാകാം ഈ സിനിമ രക്ഷപ്പെട്ടു പോയത്,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Classmates