പൃഥ്വിരാജ്- ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ല്‍ റിലീസായ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. മികച്ച നടന്‍, സംവിധായകന്‍, ജനപ്രിയ ചിത്രം, മികച്ച ഹാസ്യനടന്‍ എന്നീ വിഭാഗങ്ങളിലെ അവാര്‍ഡുകളാണ് ചിത്രം നേടിയത്.
ചിത്രത്തിലെ ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന ഗാനം എല്ലാവരുടെയും ഫേവറിറ്റാണ്. ഇപ്പോള്‍ ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണ് അതെന്ന് ലാല്‍ ജോസ് പറയുന്നു. ആദ്യ കാലത്തെ മലയാളം സിനിമകളില്‍ ഒരു വിരഹഗാനം എന്തായാലും ഉണ്ടാകുമെന്നും എന്നാല്‍ അത് കുറഞ്ഞു വന്ന സമയത്താണ് ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അയാളും ഞാനും തമ്മില്‍ എന്ന സിനിമക്ക് ശേഷം വിരഹഗാനം ആവശ്യമുള്ള മറ്റൊരു സിനിമയും അങ്ങനെ വന്നിട്ടില്ലെന്നും ‘അഴലിന്റെ ആഴങ്ങളില്‍’ എന്നതിനേക്കാള്‍ നല്ലൊരു വിരഹഗാനം ആ പാട്ട് റീപ്ലെയ്‌സ് ചെയ്യപ്പെടുമെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. യെസ് 27 മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണ് ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട്. മലയാള സിനിമയില്‍ അത്തരം പാട്ടുകള്‍ ഒരുപാട് ഉണ്ടായിരുന്നു ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍’ എന്ന പാട്ടുകള്‍ പോലുള്ളതൊക്കെ സിനിമകളുടെ ഭാഗമായിരുന്നു. എല്ലാ സിനിമയിലും ഒരു വിരഹഗാനം എന്ന രീതിയില്‍ ഉണ്ടായിരുന്നു. രണ്ട് പ്രണയം, ഒരു വിരഹം, ഒരു ദുഖം, എന്നിങ്ങനെ പറഞ്ഞുള്ള പാട്ടുകള്‍ ഉണ്ടായിരുന്നല്ലോ.
പിന്നീട് അത് കുറഞ്ഞ്, കുറഞ്ഞ് അന്യം നിന്നുപോയി. വിരഹഗാനങ്ങള്‍ക്ക് ഒരു ഒഴിവ് വന്ന സമയത്താണ് ‘അഴലിന്റെ ആഴങ്ങളില്‍’ വരുന്നത്. അങ്ങനെ ഒരു വിരഹഗാനത്തിന്റെ സ്‌കോപ്പ് പിന്നീട് സിനിമകളില്‍ അങ്ങനെ ഉണ്ടായിട്ടില്ല. അവസാനം വന്ന വിരഹഗാനം ഇതായതുകൊണ്ട് ആളുകള്‍ ഇതുതന്നെ കേട്ടുകൊണ്ട് നില്‍ക്കുന്നതാണ്. ഇതിനേക്കാള്‍ നല്ലൊരു വിരഹഗാനം വന്നാല്‍ ഈ പാട്ട് റീപ്ലെയ്‌സ് ചെയ്യപ്പെടും,’ ലാല്‍ ജോസ് പറയുന്നു.