അന്ന് അവര്‍ക്ക് സാമുവലായി പ്രതാപ് പോത്തനെ കാസ്റ്റ് ചെയ്യുന്നത് ശരിയാവില്ലെന്ന തോന്നലുണ്ടായി: ലാല്‍ ജോസ്
Entertainment
അന്ന് അവര്‍ക്ക് സാമുവലായി പ്രതാപ് പോത്തനെ കാസ്റ്റ് ചെയ്യുന്നത് ശരിയാവില്ലെന്ന തോന്നലുണ്ടായി: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 1:41 pm

ബോബി – സഞ്ജയ്മാര്‍ തിരക്കഥ രചിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത് എത്തിയ ചിത്രമാണ് അയാളും ഞാനും തമ്മില്‍. മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ലാല്‍ ജോസ് ചിത്രങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.

2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകനായി എത്തിയത്. പൃഥ്വിക്ക് പുറമെ സംവൃത സുനില്‍, നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

രവി തരകനായി പൃഥ്വി അഭിനയിച്ചപ്പോള്‍ ഡോക്ടര്‍ സാമുവല്‍ ആയത് പ്രതാപ് പോത്തന്‍ ആയിരുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമക്ക് ശേഷം അദ്ദേഹം അഭിനയിച്ച ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. ഇപ്പോള്‍ പ്രതാപ് പോത്തന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയാളും ഞാനും തമ്മില്‍ സിനിമയുടെ കാസ്റ്റിങ്ങിന്റെ സമയത്താണ് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ വരുന്നത്. അതില്‍ ഒരു കൊടുംവില്ലനായിട്ടാണ് പ്രതാപ് പോത്തന്‍ അഭിനയിക്കുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്.

അയാളും ഞാനും തമ്മില്‍ സിനിമയുടെ നിര്‍മാതാവായ കറിയാച്ചന്‍ സാറിനൊക്കെ അദ്ദേഹത്തിന്റെ കാസ്റ്റിങ്ങില്‍ ഒരു ചെറിയ സംശയമുണ്ടായിരുന്നു. പ്രതാപ് ഇപ്പോള്‍ വലിയ വില്ലനായി അഭിനയിച്ചത് കൊണ്ട് ഇത് ശരിയാവില്ലെന്ന തോന്നലുണ്ടായി.

നമ്മുടെ സിനിമയില്‍ അദ്ദേഹത്തിന്റേത് വളരെ ഡിവൈനായ ഒരു കഥാപാത്രമായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘പ്രതാപ് പോത്തന് ഈ കഥാപാത്രം നന്നായി മാച്ച് ചെയ്യും’ എന്നായിരുന്നു. ആ രൂപത്തില്‍ താടിയൊക്കെ വെച്ച് അഭിനയിച്ചാല്‍ രസമായിരിക്കുമെന്ന് ഞാന്‍ നിര്‍ബന്ധം പറഞ്ഞു നോക്കി.

പക്ഷെ അന്ന് അതിന് അവര്‍ സമ്മതിച്ചില്ല. ഞാന്‍ അപ്പോള്‍ ഒരു യാത്രയിലായിരുന്നു. യാത്ര കഴിഞ്ഞ് ഞാന്‍ പിന്നീട് തിരികെ വന്നു. ആ സമയത്ത് ഞാന്‍ പ്രതാപ് പോത്തനെ സജസ്റ്റ് ചെയ്ത കാര്യം എല്ലാവരോടും മറന്നു പോയിരുന്നു.

എന്നോട് പുതിയ സജഷന്‍ പറയുന്ന കൂട്ടത്തില്‍ ‘നമുക്ക് പ്രതാപ് പോത്തനെ ആലോചിച്ചാലോ’ എന്ന് ബോബിയും സഞ്ജയ്‌യും ചോദിച്ചു. ഇതല്ലേ ഞാനും ആദ്യം പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ വീണ്ടും പ്രതാപ് പോത്തനിലേക്ക് എത്തി. അദ്ദേഹം കഥയൊക്കെ കേട്ടിട്ട് ചെയ്യാമെന്ന് സമ്മതിച്ചു,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Ayalum Njaanum Thammil  And Pratap Pothen