അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.
സംവിധായകനാകുന്നതിന് മുമ്പുള്ള ജീവിതത്തിലെ അനുഭവം പങ്കുവെക്കുകയാണ് ലാല്‍ ജോസ്. രാഗം സ്റ്റുഡിയോയില്‍ അപ്രെന്റിസ് ആയി ജോലി ചെയ്തിരുന്ന സമയം തൂവാനത്തുമ്പികള്‍ എന്ന സിനിമയുടെ സെറ്റില്‍ നടിമാരുടെ ഫോട്ടോ എടുക്കാന്‍ പോയെന്ന് ലാല്‍ ജോസ് പറയുന്നു.
താനും ക്യാമറാമാന്‍ കാസിമും ചെന്നപ്പോള്‍ ഫോട്ടോ എടുക്കാനുള്ള അനുവാദം കിട്ടിയെന്നും എന്നാല്‍ കാസിമിന് സുമലതയുടെയും പാര്‍വ്വതിയുടെയും ഫോട്ടോ മാത്രമെടുക്കാനായിരുന്നു താത്പര്യമെന്നും ലാല്‍ ജോസ് പറഞ്ഞു. അങ്ങനെ നായികമാരുടെ ഫോട്ടോ മാത്രം കാസിം സൂം ചെയ്ത് എടുത്തപ്പോള്‍ അടുത്തുണ്ടായിരുന്ന നടന്‍ സോമന്‍ ഗെറ്റ് ഔട്ട് അടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘ഞാന്‍ രാഗം സ്റ്റുഡിയോയില്‍ അപ്രെന്റിസ് ആയി ജോലി നോക്കിയിരുന്ന സമയം. ഒറ്റപ്പാലത്ത് പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ലൊക്കേഷനില്‍ ചെന്ന് നടിമാരുടെയൊക്കെ ഫോട്ടോ എടുത്തുകൊണ്ടുവരാന്‍ അന്ന് ഉമ്മറിക്ക എന്നോട് പറഞ്ഞു. സ്റ്റുഡിയോയില്‍ ഈ ഫോട്ടോകള്‍ വലുതാക്കി ഫ്രെയിം ചെയ്ത് വെക്കാന്‍ വേണ്ടിയായിരുന്നു അത്.
അങ്ങനെ ഞങ്ങള്‍ ലൊക്കേഷനിലേക്ക് ചെന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ചുള്ള സീനുകളാണ് അന്ന് ഷൂട്ട് ചെയ്യുന്നത്. കേരള കൗമുദിയില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് കയറാന്‍ അനുമതി കിട്ടി. ആദ്യമായിട്ടാണ് ഞാനൊരു ഷൂട്ടിങ് അടുത്തുനിന്ന് കാണുന്നത്.
സോമേട്ടനും സുമലതയും പാര്‍വതിയുമൊക്കെ അവിടെ ഇരിക്കുന്നുണ്ട്. ഇവരുടെ ഫോട്ടോയെടുക്കാനായി ഞങ്ങള്‍ ചെന്നു. കാസിമിന് സുമലതയുടെയും പാര്‍വ്വതിയുടെയും ഫോട്ടോ മതി. സോമേട്ടന്റെ ഫോട്ടോ വേണ്ട. അവരുടെ അടുത്തു ചെന്നിട്ട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. എടുത്തോളാന്‍ പറഞ്ഞു.
കാസിം ആ സമയത്ത് പാര്‍വതിയുടെയും സുമലതയുടെയും ഫോട്ടോ മാത്രം സൂം ചെയ്ത് എടുത്തു. ഇത് സോമേട്ടന് മനസിലായി. അദ്ദേഹം അപ്പോള്‍ തന്നെ അവനെ ഗെറ്റ് ഔട്ട് അടിച്ചു,’ ലാല്‍ ജോസ് പറയുന്നു.