ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിങ് സമയത്ത് കാവ്യയെ വിളിച്ചപ്പോള്‍ വന്നില്ല, തനിക്ക് ഈ വേഷം ചെയ്യണ്ടെന്ന് പറഞ്ഞു: ലാല്‍ ജോസ്
Entertainment
ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിങ് സമയത്ത് കാവ്യയെ വിളിച്ചപ്പോള്‍ വന്നില്ല, തനിക്ക് ഈ വേഷം ചെയ്യണ്ടെന്ന് പറഞ്ഞു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 1:43 pm

ക്യാമ്പസ് സിനിമകളുടെ പട്ടികയില്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്ന ചിത്രമാണ് 2006 ല്‍ പുറത്ത് വന്ന ക്ലാസ്മേറ്റ്സ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ജെയിംസ് ആല്‍ ബേര്‍ട്ടാണ് കഥയും തിരക്കഥയും നിര്‍വഹിച്ചത്. പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ നരേന്‍, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, രാധിക എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.

സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രം ഇപ്പോള്‍ കാവ്യ മാധവന്‍ ക്ലാസ്‌മേറ്റ്‌സിന്റെ കഥ വായിച്ച് കഴിഞ്ഞപ്പോള്‍ റസിയയുടെ റോള്‍ തനിക്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. ആദ്യത്തെ ഭാഗം ഷൂട്ട് ചെയ്യാന്‍ നിന്നപ്പോള്‍ കാവ്യ മാത്രം വന്നില്ലെന്നും താന്‍ ചെന്ന് നോക്കിയപ്പോള്‍ കാവ്യ അവിടെ കരഞ്ഞിരിക്കുകയായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

റസിയയാണ് ഈ സിനിമയിലെ നായികയെന്നും തനിക്ക് ആ റോള്‍ ചെയ്യണമെന്ന് കാവ്യ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാവ്യയെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയൊരു അഭിനേതാവ് ഈ റോള്‍ ചെയ്താല്‍ ശരിയാവില്ലെന്ന് താന്‍ അവരോട് പറഞ്ഞുവെന്നും പിന്നീട് ഒരോ കാര്യങ്ങള്‍ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തിട്ടാണ് കാവ്യയെ താന്‍ അഭിനയിപ്പിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു.സഫാരി ടി.വി യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാവ്യ മാത്രം വന്നിട്ടില്ല. എനിക്ക് ദേഷ്യം പിടിക്കാന്‍ തുടങ്ങി ഇവിടെ എല്ലാവരും റെഡിയായി വരാന്‍ പറഞ്ഞപ്പോള്‍ കാവ്യ വരുന്നില്ലെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ എന്താണെന്നറിയാന്‍ വേണ്ടി ചെന്നപ്പോള്‍ പുള്ളിക്കാരിയുടെ കണ്ണില്‍ നിന്നൊക്കെ വെള്ളം വന്നിട്ട് മാറിയിരിക്കുന്നുണ്ട്. കഥ കേട്ടപ്പോള്‍ ഇമോഷണല്‍ ആയതായിരിക്കും. പക്ഷേ കാവ്യയുടെ പ്രശ്‌നം ഈ പടത്തില്‍ നായിക ഞാനല്ല, റസിയയാണ് നായിക. ആ റോള്‍ ഞാന്‍ ചെയ്യാം. ഈ റോള്‍ വേറെ ആരെ കൊണ്ടെങ്കിലും ചെയ്യിക്കൂ, എന്ന് കാവ്യ പറഞ്ഞു.

അപ്പോള്‍ ഞാന്‍ പറഞ്ഞു ഒരിക്കലും ആ റോള്‍ കാവ്യക്ക് ചെയ്യാന്‍ പറ്റില്ല. കാരണം കാവ്യയെ പോലെ എസ്റ്റാബ്ലിഷ്ട് ആയിട്ടുള്ള ഒരു ആക്ടര്‍ റസിയയുടെ റോള്‍ ചെയ്യുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസിലാകും ഈ കഥാപാത്രത്തിന് എന്തോ ഒരു പരിപാടി ഈ സിനിമയില്‍ ഉണ്ടെന്ന്. അതോടെ സിനിമയുടെ സസ്‌പെന്‍സും മറ്റുമൊക്കെ പോകും അതുകൊണ്ട് ആ റോള്‍ ചെയ്യാന്‍ പറ്റില്ല. എന്നൊക്കെ കാവ്യയുടെ അടുത്ത് പറഞ്ഞു. താര തന്നെയാണ് സിനിമയിലെ നായിക സുകുമാരനാണ് നായകന്‍ ഇങ്ങനെയൊക്കെ പറഞ്ഞ് അവസാനം കണ്‍വിന്‍സ് ചെയ്തിട്ടാണ് പിന്നെ കാവ്യയെ കൊണ്ട് വന്ന് അഭിനയിപ്പിച്ചത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose says that Kavya told him that she wanted  to play the role of Razia in Classmates.