സിദ്ദിഖും ഞാനും പിരിഞ്ഞതിന് ശേഷം ചെയ്ത സിനിമകളില്‍ ആ ഒരു കാര്യം മാത്രമേ നഷ്ടമായി തോന്നുന്നുള്ളൂ: ലാല്‍
Entertainment
സിദ്ദിഖും ഞാനും പിരിഞ്ഞതിന് ശേഷം ചെയ്ത സിനിമകളില്‍ ആ ഒരു കാര്യം മാത്രമേ നഷ്ടമായി തോന്നുന്നുള്ളൂ: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 5:37 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ലാല്‍. മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ അദ്ദേഹം സിദ്ദിഖിനൊപ്പമാണ് തുടക്കത്തില്‍ സിനിമകള്‍ ചെയ്തത്. ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ് തുടങ്ങി നിരവധി ഹിറ്റുകള്‍ ഈ കൂട്ടുകെട്ട് മലയാളികള്‍ക്ക് സമ്മാനിച്ചു. പിന്നീട് ഈ കൂട്ടുകെട്ട് പിരിയുകയും സ്വതന്ത്രമായി സിനിമകള്‍ ചെയ്യുകയും ചെയ്തു.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷമുള്ള അനുഭവം പങ്കുവെക്കുകയാണ് ലാല്‍. തങ്ങള്‍ പിരിഞ്ഞത് രണ്ടുപേര്‍ക്കും നഷ്ടമായി തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിരിയാന്‍ അതിന്റേതായിട്ടുള്ള കാരണങ്ങളുണ്ടെന്നും അത് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആ തീരുമാനം കൊണ്ട് തനിക്കോ സിദ്ദിഖിനോ നഷ്ടമുണ്ടായതായി തോന്നിയിട്ടില്ലെന്നും ലാല്‍ പറയുന്നു.

എന്നാല്‍ പിരിഞ്ഞതിന് ശേഷം തങ്ങള്‍ ഒറ്റക്ക് ചെയ്ത സിനിമകളില്‍ മിസ്സിങ് എലമെന്റുകള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ടെന്നും അത് മാത്രമാണ് നഷ്ടമായി തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്ലാതെ നോക്കിയാല്‍ തങ്ങള്‍ തമ്മില്‍ പിരിഞ്ഞതിലൂടെ നഷ്ടങ്ങളുണ്ടായിട്ടില്ലെന്നും ലാല്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാനും സിദ്ദിഖും പിരിഞ്ഞത് ഒരുപാട് ആലോചിച്ച് തീരുമാനിച്ചതിന് ശേഷമാണ്. ആ തീരുമാനം ഞങ്ങള്‍ രണ്ടുപേര്‍ക്കും നഷ്ടമായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. പിരിയാന്‍ അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നതാണ് സത്യം. പിരിയുന്നതിന് മുമ്പും ശേഷവും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് മാറ്റമുണ്ടായിട്ടില്ലെന്ന് പറയാന്‍ സാധിക്കും.

രണ്ടാളും പിന്നീട് സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ചിലതെല്ലാം ഹിറ്റായി, ചിലതൊക്കെ പ്രതീക്ഷിച്ചത് പോലെ വന്നതുമില്ല. എന്നിരുന്നാലും എല്ലാ സിനിമയിലും ഒരു മിസ്സിങ് എലമെന്റുണ്ടായിരുന്നു. അതിപ്പോള്‍ എന്റെ സിനിമയിലായാലും സിദ്ദിഖിന്റെ സിനിമയിലായാലും ആ എലമെന്റുണ്ട്. അത് മാത്രമേ നഷ്ടമായിട്ട് തോന്നിയുള്ളൂ,’ ലാല്‍ പറഞ്ഞു.

സംവിധായകന്‍ ഫാസിലിന്റെ സഹായികളായാണ് ഇരുവരും സിനിമാലോകത്തേക്ക് കടന്നുവന്നത്. നിരവധി ചിത്രങ്ങളില്‍ സഹായികളായി പ്രവര്‍ത്തിച്ച ഇരുവരും റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകരായി. ആദ്യചിത്രം തന്നെ വന്‍ വിജയമാക്കി മാറ്റാന്‍ ഇരുവര്‍ക്കും സാധിച്ചു. മലയാളത്തില്‍ ഏറ്റവുമധികം ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രമെന്ന റെക്കോഡ് ഇപ്പോഴും ഇരുവരുമൊരുക്കിയ ഗോഡ്ഫാദറിന്റെ പേരിലാണ്.

Content Highlight: Lal about his separation with Siddique