മലയാളത്തിന് എക്കാലത്തെയും വലിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ് – ലാൽ എന്നിവരുടേത്. റാംജിറാവ് സ്പീക്കിങ്ങ് എന്ന സൂപ്പർ ഹിറ്റിലൂടെ കരിയർ തുടങ്ങിയ ഇരുവരും പിന്നീട് ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, മാന്നാർ മത്തായി സ്‌പീക്കിങ് എന്നിങ്ങനെ തുടരെ തുടരെ വിജയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു.
മലയാള സിനിമയുള്ള കാലത്തോളം സിദ്ധിഖ് – ലാൽ എന്ന കൂട്ടുകെട്ട് പ്രേക്ഷകർ ഓർക്കുമെന്നും താൻ അന്യഭാഷകളിൽ പോവുമ്പോൾ ഇപ്പോഴും ആ ബഹുമാനം ലഭിക്കുന്നുണ്ടെന്നും ലാൽ പറയുന്നു. ആദ്യ സിനിമയായ റാംജിറാവ് ചെയ്യുമ്പോൾ പലരും അതിന് കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മലയാളികൾ കാണാത്ത പുതിയൊരു സിനിമയായി അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
താൻ മലയാളത്തിൽ കണ്ട ന്യൂ വേവ് ഫിലിം മേക്കർ സംവിധായകൻ ഐ.വി ശശിയാണെന്നും കെ.പി ഉമ്മർ വില്ലനായിരിക്കുന്ന കാലം അദ്ദേഹത്തെ നായകനാക്കി ഐ.വി.ശശി സിനിമ സൂപ്പർ ഹിറ്റാക്കിയിട്ടുണ്ടെന്നും ലാൽ കൂട്ടിച്ചേർത്തു.
ഐ.വി. ശശിസാറാണ് എൻ്റെ ഓർമയിലെ ആദ്യ ന്യൂവേവ് സംവിധായകൻ
– ലാൽ
‘സിദ്ദിഖ് -ലാൽ എന്ന കൾട്ട് മലയാള സിനിമയുള്ള കാലത്തോളം നിലനിൽക്കും. ഇന്നും ഓരോ പുതിയ സംവിധായകനെയും പരിചയപ്പെടുമ്പോൾ അവർ ആദ്യ പറയുന്നത് ഗോഡ്‌ഫാദറിനെയും ഹരിഹർ നഗറിനെയും കുറിച്ചാണ്. തമിഴിലും തെലുങ്കിലുമെല്ലാം പോകുമ്പോൾ ആ ബഹുമാനം ഇപ്പോഴും ലഭിക്കുന്നു. തമിഴന്മാരും തെലുഗരുമെല്ലാം എല്ലാ മലയാള പടങ്ങളും കാണും. കാരണം അവർക്ക് പുതിയചിന്തകൾ ആവശ്യമാണ്. മലയാളത്തിലെ നല്ല ആശയങ്ങൾ അവർ അവിടെ പരീക്ഷിച്ചുനോക്കുന്നു.
റാംജിറാവ് ഇത്രയും വർഷം പൂർത്തിയാക്കി എന്ന് പറയുമ്പോൾ അഭിമാനമുണ്ട്. ആ പടം ഇറങ്ങുന്നകാലത്ത് ജനിക്കാൻപോലും ആലോചിച്ചിട്ടില്ലാത്തവർ പോലും ഇന്ന് ആ പടം ആസ്വദിക്കുന്നു. അന്ന് ഞങ്ങൾ ആ പടം സംവിധാനം ചെയ്യുമ്പോൾ ഇവരെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പടം ഹിറ്റായതോടെ മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരുതരം സിനിമായി അത് മാറി. ന്യൂവേവ് എന്നൊക്കെ പറയാം. എല്ലാ കാലത്തും ഇത്തരം പുതിയ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.
ഐ.വി. ശശിസാറാണ് എൻ്റെ ഓർമയിലെ ആദ്യ ന്യൂവേവ് സംവിധായകൻ. ഉമ്മറിന് ഒരു സ്റ്റാർപരിവേഷവും ഇല്ലാത്ത കാലത്താണ് ‘ഉത്സവം’ എന്ന സിനിമയിൽ അദ്ദേഹത്തെ നായകനാക്കി ആ പടം ഹിറ്റാക്കുന്നത്. ഉത്സവം കണ്ടതുമുതലാണ് സംവിധായകന്റെ പേര് നോക്കി ഞാൻ സിനിമയ്ക്ക് പോകാൻ തുടങ്ങിയത്,’ലാൽ പറയുന്നു.