എൺപതോളം സിനിമകളോട് നോ പറഞ്ഞ എനിക്ക് ആ മമ്മൂട്ടി ചിത്രത്തോട് നോ പറയാൻ കഴിഞ്ഞില്ല: ലക്ഷ്മി ഗോപാലസ്വാമി
Entertainment
എൺപതോളം സിനിമകളോട് നോ പറഞ്ഞ എനിക്ക് ആ മമ്മൂട്ടി ചിത്രത്തോട് നോ പറയാൻ കഴിഞ്ഞില്ല: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th February 2025, 1:44 pm

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ലോഹിതാദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമ ലോകത്തേക്ക് എത്തുന്നത്.

ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നടിയെ തേടിയെത്തിയിരുന്നു. പിന്നീട് സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ സിനിമകളിലൂടെ ലക്ഷ്മി ശ്രദ്ധ നേടി.

ആദ്യ സിനിമയായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി. എൺപതോളം സിനിമകളോട് താൻ നോ പറഞ്ഞിട്ടുണ്ടെന്നും പക്ഷെ ആ സിനിമയോട് നോ പറയാൻ കഴിഞ്ഞില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

ലോഹിതാദാസ് എന്ന സംവിധായകനും മമ്മൂട്ടിയുമാണ് തന്നെ ആകർഷിച്ചതെന്നും ഒരു സിനിമ ചെയ്ത് അഭിനയം നിർത്താമെന്ന തന്റെ തീരുമാനം മാറ്റിയത് ലോഹിതാദാസ് ആണെന്നും ലക്ഷ്മി ഗോപാലസ്വാമി കൂട്ടിച്ചേർത്തു.

അരയന്നങ്ങളുടെ വീട് എന്ന പേര് കൃത്യമായി പറയാൻ പത്തു ദിവസമെടുത്തു. മോഡലിങും നൃത്തവും മാത്രം ചെയ്‌തിരുന്ന എനിക്ക് പുതിയ ലോകമായിരുന്നു അത്. ഒരു പിക്നിക്കിന് വരുന്ന പോലെയാണ് ആദ്യ ദിനം വന്നത്. പേടി കൊണ്ട് എൺപതോളം ഓഫറുകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷേ, ഈ ചിത്രം വന്നപ്പോൾ നോ പറഞ്ഞില്ല. അതായിരുന്നു യോഗം.

ലോഹിതദാസ് എന്ന സംവിധായകൻ്റെ സിനിമ, മമ്മൂട്ടി നായകൻ. ഇതിലെല്ലാം ഉപരിയായി രണ്ട് കുട്ടികളുടെ അമ്മ ഇതെല്ലാം ആകർഷിച്ചു. ആദ്യം ലോഹിതദാസ് സാറിനെ കാണുന്നത് ലക്കിടിയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ചാണ്. അന്ന് അധികം സംസാരമൊന്നുമില്ല ഞാനാകെ അത്ഭുതപ്പെട്ടു. ഇത്രയും സംസാരിക്കാത്ത ഒരാൾ എങ്ങനെ സംവിധായകനായി എന്നോർത്തു. സെറ്റിൽ വന്നപ്പോൾ കഥയാകെ മാറി ഒരുപാട് തമാശകൾ പറയുന്ന, അഭിനേതാക്കളെ എഴുതിയിട്ട വഴികളിലൂടെ നടത്തുന്നൊരാൾ.

സ്നേഹം ഒഴുകുന്ന അദ്ദേഹത്തിൻ്റെ കണ്ണുകളാണ് എപ്പോഴും ആദ്യം ഓർമ വരിക. സത്യൻ അന്തിക്കാട് സാറിൻ്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളി’ലേക്ക് എന്നെ നിർദേശിച്ചതും ലോഹി സാറാണ്. ഒരു സിനിമ മതിയെന്ന എൻ്റെ തീരുമാനം മാറ്റി. ഈയൊരു ചിത്രത്തിൽ കൂടി അഭിനയിക്കൂ എന്ന് നിർബന്ധിച്ച് എന്നെ പറഞ്ഞു വിടുകയായിരുന്നു. അതായിരുന്നു ജീവിതത്തിലെ സ്‌റ്റെപ്പിങ് സ്‌റ്റോൺ,’ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.

 

Content Highlight: Lakshmi Gopalaswami About Her Firs Film Arayanangalude veed