ഈഴവരെ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, മാപ്പ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീ മാപ്പ് പറഞ്ഞു, വീഡിയോ
Sabarimala women entry
ഈഴവരെ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, മാപ്പ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീ മാപ്പ് പറഞ്ഞു, വീഡിയോ
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 8:25 pm

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ സമരത്തിനിടയില്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സ്ത്രീ മാപ്പു പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മാപ്പപേക്ഷ.

“”;ചാനലുകാര്‍ എന്നോട് എന്തങ്കിലും പറയാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്. ഈഴവരെ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ അമ്മയോട് ക്ഷമിക്കണം””

അധിക്ഷേപത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.ശബരിമല വിധിയ്‌ക്കെതിരെ നടക്കുന്നത് സവര്‍ണ സമരമാണെന്ന രീതിയില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് അധിക്ഷേപിച്ച സ്ത്രീതന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

ALSO READ:ക്യാംപസില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ്

പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവര്‍ തെറിവിളിച്ചത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വച്ചത്.

ഇതിനിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് സ്ത്രീക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി ചെറുകോല്‍ വടക്കേ പാരൂര്‍ വീട്ടില്‍ ശിവന്‍പിള്ളയുടെ ഭാര്യ മണിയമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്.