ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ക്യാംപസില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ്
ന്യൂസ് ഡെസ്‌ക്
Thursday 11th October 2018 8:05pm

പെരിയ: കേരള കേന്ദ്രസര്‍വകലാശാലയില്‍ നിന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പുറത്താക്കിയ അഖില്‍ താഴത്തിനെതിരെ ആത്മഹത്യാ ശ്രമത്തിന് ബേക്കല്‍ പോലീസ് സ്വമേധയാ കേസെടുത്തു. സര്‍വകലാശാലയില്‍ എല്ലാ തരത്തിലും പ്രവേശനം നിഷേധിച്ച അഖില്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

‘എസ്.പി ആവശ്യപ്പെട്ടതു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 309 പ്രകാരമാണ് കേസ് രേഖപ്പെടുത്തിയിട്ടുള്ളത്. പുറത്തുനിന്നും സര്‍വകലാശാലയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയും കേസടുത്തിട്ടുണ്ട്. രജിസ്ട്രാര്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് ബേക്കല്‍ എസ്.ഐ വിനോദ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പുതിയ ജോലിയില്‍ നിക്കി ഹാലെ കൂടുതല്‍ പണം സമ്പാദിക്കും: ഡൊണാള്‍ഡ് ട്രംപ്

അഖിലിന്റെ ആത്മഹത്യാ ശ്രമത്തിനു ശേഷം എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രൊ വൈസ് ചാന്‍സിലറെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ തടഞ്ഞുവെച്ചതാണ് രണ്ടാമത്തെ കേസിനാസ്പദമായ സംഭവം. എന്നാല്‍ പ്രസ്തുത സംഭവത്തില്‍ പുറത്തുനിന്നും ഇത്രയും പേര്‍ പങ്കെടുത്തിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ തറപ്പിച്ചു പറയുന്നു.

‘അഖിലിന്റെ കാര്യത്തില്‍ ആശങ്കയുള്ള വിദ്യാര്‍ത്ഥി സമൂഹമാണ് അനുകൂലമായ ഒരു നടപടി ആവശ്യപ്പെട്ട് പ്രൊ വൈസ് ചാന്‍സലറെ കണ്ടത്. രജിസ്ട്രാര്‍ പറഞ്ഞത്ര ആളുകളുടെ സാന്നിധ്യമൊന്നും അവിടെ ഉണ്ടായിരുന്നില്ല. സര്‍വകലാശാല അധികാരികളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ മുമ്പ് നടന്ന ജനകീയ സമരങ്ങളില്‍ പങ്കെടുത്തവരെ പെടുത്താനാനുള്ള നീക്കമാണിത്’- സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു

സര്‍വകലാശാലയിലെ സമരാന്തരീക്ഷം ചൂണ്ടിക്കാട്ടി ഇന്നലെ മുതല്‍ ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

WATCH THIS VIDEO:

Advertisement