ഒറ്റ ഗോളില്‍ മലര്‍ത്തിയടിച്ചത് ബ്രസീലടക്കം വമ്പന്‍ ടീമുകളെ; ഐതിഹാസിക നേട്ടത്തില്‍ എംബാപ്പെ
FIFA World Cup 2026
ഒറ്റ ഗോളില്‍ മലര്‍ത്തിയടിച്ചത് ബ്രസീലടക്കം വമ്പന്‍ ടീമുകളെ; ഐതിഹാസിക നേട്ടത്തില്‍ എംബാപ്പെ
ഫസീഹ പി.സി.
Sunday, 5th July 2026, 1:09 pm

ശക്തരായ ഫ്രാന്‍സ് തുടര്‍ച്ചയായ നാലാം ലോകകപ്പിലും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2026 ഫിഫ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാഗ്വേയെ തോല്‍പ്പിച്ചാണ് ടീമിന്റെ കുതിപ്പ്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ് ബ്ലൂസ് ജയിച്ചുകയറിയത്.

മത്സരത്തില്‍ ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയാണ്. 70ാം മിനിട്ടിലാണ് താരം ടീമിനായി വല കുലുക്കിയത്. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഡിസൈര്‍ ഡൗവിനെ പരാഗ്വേയുടെ ഡീഗോ ഗോമസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ക്യാപ്റ്റന്‍ ഗോള്‍ നേട്ടം.

മറ്റൊരു മത്സരത്തില്‍ കൂടി സ്‌കോര്‍ ചെയ്തതോടെ എംബാപ്പെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ തന്റെ ഗോള്‍ നേട്ടം 11 ആയി ഉയര്‍ത്തി. എട്ട് നോക്കൗട്ട് ഗോളുകളുമായാണ് താരം ഈ ലോകകപ്പിന് ഇറങ്ങിയത്.

പ്രീക്വാര്‍ട്ടറില്‍ സ്വീഡനെതിരെ രണ്ട് തവണ വല കുലുക്കി എംബാപ്പെ ഈ സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന പട്ടം സ്വന്താക്കി. ഇപ്പോള്‍ പരാഗ്വേക്കെതിരെ ഒരു ഗോളും നേടിയതോടെയാണ് ഗോളുകളുടെ എണ്ണം 11 ആയത്.

ഇതോടെ 2018ന് ശേഷം നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ നേട്ടവും എംബാപ്പെ സ്വന്തമാക്കി. ഈ റെക്കോഡ് വേട്ടയില്‍ താരം മലര്‍ത്തിയടിച്ചത് ബ്രസീല്‍ അടക്കമുള്ള വമ്പന്‍ ടീമുകളെയാണ്.

ഈ കാലയളവില്‍ ബ്രസീലും ഇംഗ്ലണ്ടും നോക്കൗട്ടില്‍ പത്ത് ഗോളുകള്‍ അടിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ഒമ്പത് തവണയാണ് ഗോള്‍ നേടിയത്. സ്‌പെയ്‌നാകട്ടെ നോക്കൗട്ടില്‍ ഗോളടിച്ചത് നാല് തവണ മാത്രമാണ്.

അതേസമയം, കടുത്ത പോരാട്ടത്തിനൊടുവില്‍ ക്വാര്‍ട്ടറിലെത്തിയ ഫ്രാന്‍സിന്റെ എതിരാളികള്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ്. സഹ ആതിഥേയരായ കാനഡയെ തകര്‍ത്തെറിഞ്ഞാണ് ദി അറ്റ്‌ലസ് ലയണ്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ജൂലൈ പത്തിന് ബോസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് ഫ്രാന്‍സും മൊറോക്കോയും ഏറ്റുമുട്ടുക.

Content Highlight: Kylian Mbappé has scored more goals in the knockout stages of the World Cup than Brazil, England, Portugal and Spain since 2018

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.