ജന നായകനും ടോക്‌സിക്കും; കണ്ടകശനി മാറാതെ കെ.വി.എന്‍ പ്രൊഡക്ഷന്‍സ്
Indian Cinema
ജന നായകനും ടോക്‌സിക്കും; കണ്ടകശനി മാറാതെ കെ.വി.എന്‍ പ്രൊഡക്ഷന്‍സ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 5th March 2026, 7:25 am

പ്രഭാസിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്ക് ശേഷം അതിശയകരമായ രീതിയിലായിരുന്നു ഇന്ത്യന്‍ സിനിമകളുടെ പ്രത്യേകിച്ച് സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ബഡ്ജറ്റിന്റെയും മാര്‍ക്കറ്റിന്റെയും വളര്‍ച്ച. താരമൂല്യമുള്ള നായകന്മാര്‍ ശതകോടികള്‍ വരെ പ്രതിഫലമായി വാങ്ങുന്ന സാഹചര്യത്തില്‍ ഒരു സിനിമയെടുക്കുക എന്നത് നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം ചൂതാട്ടമാണെന്ന് നിസംശയം പറയാം.

ജന നായകന് . Photo: The statesman

ഇത്തരമൊരു സാഹചര്യത്തില്‍ സിനിമാ ലോകത്ത് ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് കെ.വി.എന്‍ പ്രൊഡക്ഷന്‍സ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ ഹൗസിന്റെതായി വരാനിരുന്ന രണ്ട് ചിത്രങ്ങളായിരുന്നു ദളപതി വിജയ് നായകനായ ജന നായകനും യഷ് നായകനായ ടോക്‌സിക്കും. ഏകദേശം 400-600 കോടി വരെ മുതല്‍മുടക്കിയ ഇരു ചിത്രങ്ങളും റിലീസ് തിയ്യതി നിശ്ചയിച്ച് അവസാന ഘട്ടത്തില്‍ മാറ്റി വെക്കേണ്ടി വന്നതോടെയാണ് നിര്‍മാണ കമ്പനി പ്രതിസന്ധിയിലായിരിക്കുന്നത്.

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ദളപതി വിജയ്, തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കവെ സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പോകുന്നതിന് മുമ്പ് ചെയ്യുന്ന അവസാന ചിത്രം എന്ന ഹൈപ്പിലായിരുന്നു ജന നായകന്റെ വരവ്. മാസങ്ങള്‍ക്ക് മുമ്പ് പൊങ്കല്‍ റിലീസായി ജനുവരി ഒമ്പതിന് റിലീസ് തിയ്യതി നിശ്ചയിച്ച് ഓഡിയോ ലോഞ്ച് അടക്കം ഗ്രാന്‍ഡായിട്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നത്. വിജയ് ക്ക് ഒരു സെന്റോഫ് എന്ന നിലയില്‍ മലേഷ്യയിലായിരുന്നു പരിപാടി.

എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തത് റിലീസിനെ അനിശ്ചിതത്തിലാക്കുകയായിരുന്നു. ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ലഭിച്ചില്ല. ഇതോടെ കെ.വി.എന്‍ പ്രൊഡക്ഷന്‍ പത്രകുറിപ്പിലൂടെയാണ് ജന നായകന്‍ മാറ്റിവെക്കുന്നതായി അറിയിച്ചത്. ജനുവരി 9 ന് റിലീസ് മാറ്റിവെച്ചതിന് ശേഷം ഇതുവരെ ജന നായകന് പുതിയ റിലീസ് ഡേറ്റ് നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല എന്നതും നിര്‍മാതാക്കളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ജന നായകനിലുണ്ടായ നഷ്ടം ടോക്‌സിക്കിലൂടെ തിരിച്ചുപിടിച്ച് താത്കാലിക ആശ്വാസം നേടാം എന്ന ധാരണയിലാണ് കെ.ജി.എഫിന്റെ മിന്നും ഫോമില്‍ നില്‍ക്കുന്ന യഷിനെ നായകനാക്കിയ ടോക്‌സിക്കിന്റെ റിലീസ് നിര്‍മാതാക്കള്‍ മാര്‍ച്ച് 19 ന് തീരുമാനിച്ചത്. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത് റിലീസ് തിയ്യതി മാറ്റുകയായിരുന്നു.

ടോക്‌സിക്ക്. Photo: Outlook

യഷിന് ഗള്‍ഫ് രാജ്യങ്ങളിലുള്ള വലിയ ആരാധക പിന്തുണ പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് ആരാധകര്‍ നല്‍കുന്ന വിവരം. അതേസമയം രണ്‍വീര്‍ സിങ് നായകനാകുന്ന ധുരന്ധര്‍ 2 വിനോട് ക്ലാഷ് വെക്കാനുള്ള ഭയമാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിറകിലെന്നും സൂചനകളുണ്ട്. ഡിസംബറില്‍ റിലീസായ ധുരന്ധറിന്റെ ആദ്യഭാഗം 1400 കോടിയോളം നേടി വമ്പന്‍ ഹൈപ്പിലായിരുന്നു തിയേറ്റര്‍ വിട്ടത്. ഈ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ചാല്‍ ഇത് നോര്‍ത്ത് ഇന്ത്യയില്‍ ടോക്‌സിക്കിന്റെ കളക്ഷനെ സാരമായി ബാധിച്ചേക്കാം.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്ക് ജൂണ്‍ 4 നാലിനായിരിക്കും തിയേറ്ററുകളിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഈ വിന്‍ഡോയിലായിരിക്കും ജന നായകനും റിലീസിനൊരുങ്ങുന്നത്. റിലീസ് മാറ്റിവെക്കപ്പെട്ടപ്പോള്‍ കെ.വി.എന്‍ പ്രൊഡക്ഷന്‍സിനുണ്ടായ എല്ലാ നഷ്ടങ്ങളും തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഇവരുടെ പെട്ടിയിലുള്ളത് എന്നതില്‍ സംശയമില്ല.

Content Highlight: KVN productions movies Jana Nayagan and Toxic postponed

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.