സിനിമാ മേഖലയില്‍ സമീപകാലങ്ങളിലായി ഉയര്‍ന്ന് കേട്ട പ്രൊഡക്ഷന്‍ ഹൗസുകളുടെ പേരുകളിലൊന്നായിരുന്നു കെ.വി.എന്‍ പ്രൊഡക്ഷന്‍സ്. ബിഗ് ബജറ്റില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവു കൂടുതല്‍ ഹൈപ്പേറിയ രണ്ട് ചിത്രങ്ങള്‍ നിര്‍മിച്ച കെ.വി.എന്‍ പ്രൊഡക്ഷന്‍സിന് പക്ഷേ രണ്ട് ചിത്രങ്ങളും പുറത്തിറക്കാന്‍ പറ്റിയില്ലെന്നതായിരുന്നു നിര്‍മാതാക്കളെ അലട്ടിയ പ്രശ്‌നം. എന്നിരുന്നാലും എപ്പോള്‍ റിലീസ് ചെയ്താലും മിനിമം ഗ്യാരണ്ടി നല്‍കുന്ന വിജയ്‌യുടെയും യഷിന്റെയും ചിത്രങ്ങളാണ് ഇവരുടെ പക്കലുള്ളതെന്ന പ്രതീക്ഷ ടീമിന് ധൈര്യമേകിയിരുന്നു.

ജനനായകന്റെ നിര്‍മാതാവ്‌. Photo: Mukesh/ X.com

ഇതിന് വിള്ളല്‍ വീഴ്ത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം ജനനായകന്റെ പ്രിന്റ് ലീക്കായത്. ചിത്രത്തിലെ പല ഭാഗങ്ങളും ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയാണ് കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെ മുന്നിലുള്ളത്. 250 കോടിയോളം വിജയ്ക്ക് പ്രതിഫലം നല്‍കുകയും പൂജാ ഹെഗ്‌ഡെയും സണ്ണി ഡിയോളും അടക്കം വമ്പന്‍ താരങ്ങളെ സിനിമയുടെ ഭാഗമാക്കുകയും ചെയ്ത് കൊണ്ട് ബിഗ് ബഡജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ഇത് സാരമായി ബാധിച്ചേക്കാം.

ട്രെയ്‌ലറില്‍ കാണിച്ച പ്രകാരം വി.എഫ്.എക്‌സിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപ മുടക്കിയാണ് ഇത്തരം ഷോട്ടുകള്‍ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന വസ്തുതയും ചിത്രത്തെ ഇതിനൊപ്പം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ വര്‍ഷമാദ്യം പൊങ്കലിന് വിജയ്‌യുടെ അവസാന ചിത്രമെന്ന വൈകാരികതയോടെ പുറത്തിറക്കാനിരിക്കുന്ന ചിത്രം ലീക്കായതിനൊപ്പം, സമീപകാലത്തെങ്ങും റിലീസ് ചെയ്യാനാകാത്തതും വലിയ പ്രഹരമാണ് നിര്‍മാതാക്കള്‍ക്കേല്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ വെളിച്ചം കാണാനാകാതെ കിടക്കുന്ന മറ്റൊരു ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യഷ് നായകനാകുന്ന ടോക്‌സിക്ക്. കെ.ജി.എഫിന് ശേഷം യഷ് നായകനാകുന്ന ചിത്രമെന്ന ഹൈപ്പിലെത്തിയ ടോക്‌സിക്ക് മാര്‍ച്ച് 19നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ചിത്രത്തിനൊപ്പം ക്ലാഷായി രണ്‍വീര്‍ സിങ്ങിന്റെ ധുരന്ധര്‍ 2 എത്തുകയും ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്തതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ടോക്‌സിക്ക്. Photo: TOI

രണ്ട് മാസങ്ങള്‍ക്കപ്പുറം ജൂണ്‍ 4 ലേക്കാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 23ന് ശേഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ജനനായകനും തിയേറ്ററുകളിലെത്തുകയുള്ളൂ. പല സൈറ്റുകളിലും പ്രചരിക്കുന്ന ജനനായകന്റെ പതിപ്പ് കാണരുതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അറിയിച്ചുകൊണ്ട് ചിരഞ്ജീവിയും ശിവകാര്‍ത്തികേയനും അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Kvn Productions faces big challenges as Print of Jana nayagan leaks on internet