സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതിന്റെ വാര്‍ഷികം മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി ആചരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
Kerala News
സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതിന്റെ വാര്‍ഷികം മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി ആചരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2022, 9:11 am

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനം മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി ആചരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ദല്‍ഹി ഘടകം.

ഓണ്‍ലൈനായി യോഗം ചേര്‍ന്നുകൊണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനം ആചരിച്ചത്.

സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സിദ്ദിഖിനും കുടുംബത്തിനും ഒപ്പമുണ്ടാകുമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന അധ്യക്ഷ എം.വി. വിനിത പറഞ്ഞു. കാപ്പന്‍ രാജ്യദ്രോഹം നടത്തിയെന്ന ആരോപണത്തില്‍ രണ്ട് വര്‍ഷമായിട്ടും തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും വിനിത വിമര്‍ശിച്ചു.

ഭരണകൂടം എന്നത് രാഷ്ട്രമാണെന്നും ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാഷ്ട്രത്തെ വിമര്‍ശിക്കുന്നതിനു തുല്യമാണെന്നുമുള്ള അന്തരീക്ഷമാണ് 2014 മുതല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് തുറന്നുകാട്ടി സംസാരിച്ച് കൊണ്ടേയിരിക്കുകയാണ് ഏക പ്രതിരോധമെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ സംസാരിച്ചു.

”മാധ്യമ മേഖലയുള്‍പ്പെടെ എല്ലാം കയ്യടക്കാമെന്ന ഹുങ്കിനേറ്റ തിരിച്ചടിയാണ് സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയിലെ സുപ്രീം കോടതി വിധി. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ പി.എഫ്.ഐ പ്രവര്‍ത്തകനായി ചിത്രീകരിക്കാനുള്ള കുടില നീക്കങ്ങളുടെ മുഖത്തേറ്റ അടികൂടിയാണ് യു.എ.പി.എ കേസിലെ ജാമ്യാപേക്ഷയിലെ ഉത്തരവ്,” ദല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ഡോ. എ.എം. ജിഗീഷ് പ്രതികരിച്ചു.

കെ.യു.ഡബ്ല്യു.ജെ ദല്‍ഹി ഘടകം വൈസ് പ്രസിഡന്റ് എം. പ്രശാന്ത് ഓണ്‍ലൈന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ദല്‍ഹി ഘടകം പ്രസിഡന്റ് പ്രസൂന്‍ എസ്. കണ്ടത്ത്, സെക്രട്ടറി ഡി. ധനസുമോദ്, സംസ്ഥാന സമിതിയംഗം രാജേഷ് കോയിക്കല്‍, ഹരി വി. നായര്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷം പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകര്‍ക്കും സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് നന്ദി പറഞ്ഞു.

യു.എ.പി.എ കേസില്‍ സിദ്ദിഖ് കാപ്പനെ വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.പി പൊലീസ് കാപ്പനെ ലഖ്‌നൗ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കാപ്പന് ജാമ്യം ലഭിച്ചിട്ടില്ല. ഈ കേസിലെ കാപ്പന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് ലഖ്‌നൗ ജില്ലാ കോടതി നീട്ടിവെക്കുകയായിരുന്നു.

അതേസമയം, സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് പൗരാവകാശ വേദിയുടെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ച് നടത്താനിരുന്ന സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിയതായിരുന്നു.

സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചതെന്ന് സംഘാടകര്‍ തന്നെയായിരുന്നു വിശദീകരിച്ചത്. പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേരത്തെ എന്‍.ഐ.എക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ ഹാത്രസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: KUWJ Delhi unit conducted Journalists’ rights day on the anniversary of Siddique Kappan’s arrest