90കളിലെ സിനിമയില്‍ താന്‍ കയ്യടക്കിയ സ്ഥാനം ഇപ്പോള്‍ ആര്‍ക്ക്? തൃഷക്കോ നയന്‍താരക്കോ? മറുപടി നല്‍കി ഖുഷ്ബു
Entertainment
90കളിലെ സിനിമയില്‍ താന്‍ കയ്യടക്കിയ സ്ഥാനം ഇപ്പോള്‍ ആര്‍ക്ക്? തൃഷക്കോ നയന്‍താരക്കോ? മറുപടി നല്‍കി ഖുഷ്ബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 7:57 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ തമിഴ് നടിയാണ് ഖുഷ്ബു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ചലച്ചിത്ര നിര്‍മാണത്തിലും ഒരുപോലെ ഭാഗമാണ്.

സിനിമയില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച ഖുഷ്ബു അങ്കിള്‍ ബണ്‍, യാദവം, മാനത്തെ കൊട്ടാരം, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനുഭൂതി, ഇലവംകോട് ദേശം, സ്റ്റാലിന്‍ ശിവദാസ്, ഇന്‍ഡിപെന്‍ഡന്‍സ്, ചന്ദ്രോത്സവം, കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, മിസ്റ്റര്‍ മരുമകന്‍, കൗബോയ് തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിലെ സിനിമയില്‍ നിങ്ങള്‍ കയ്യടക്കിയ സ്ഥാനം ഇപ്പോള്‍ തൃഷയ്ക്കാണോ അതോ നയന്‍താരയ്ക്കാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഖുഷ്ബു. ആരുടെ സ്ഥാനവും ആര്‍ക്കും കയ്യടക്കാനാവില്ലെന്നാണ് നടി പറയുന്നത്.

അവരവര്‍ക്കായി ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് പറയുന്ന ഖുഷ്ബു നയന്‍താരയ്ക്ക് ഒരു സ്ഥാനവും തൃഷയ്ക്ക് മറ്റൊരു സ്ഥാനവുമുണ്ടെന്നും പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘നോക്കൂ, ആരുടെ സ്ഥാനവും ആര്‍ക്കും കയ്യടക്കാനാവില്ല എന്നതാണ് സത്യം. അവരവര്‍ക്കായി ഒരു പ്രത്യേക സ്ഥാനമുണ്ട്. നയന്‍താരയ്ക്ക് ഒരു സ്ഥാനം, തൃഷയ്ക്ക് ഒരു സ്ഥാനം. തൃഷയെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നാറുണ്ട്.

തൃഷ സിനിമയിലെത്തിയിട്ട് ഇരുപത്തി ഒന്നില്‍പ്പരം വര്‍ഷമായി. ‘തൃഷയുടെ കഥ കഴിഞ്ഞു. കാലം കഴിഞ്ഞു’വെന്ന് പലരും പറഞ്ഞു. എന്നാല്‍ 96 എന്ന സിനിമ കണ്ടവര്‍ ‘തൃഷയാണോ ഇത്’ എന്ന് അത്ഭുതപ്പെട്ടു.

പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ തന്റെ കഥാപാത്രമായി ജീവിക്കുകയായിരുന്നു തൃഷ. അതുപോലെ നയന്‍താരയുടെ കംബാക്കും പ്രശംസനീയമാണ്. ആര്‍ക്കും ആരുടെ സ്ഥാനവും കയ്യടക്കാനാവില്ല. എന്തിനധികം അംബിക – രാധമാരുടെ സ്ഥാനം പോലും അതേപടി നികത്താനാവാതെ കിടക്കുകയല്ലേ,’ ഖുഷ്ബു പറയുന്നു.

Content Highlight: Kushboo Talks About Trisha And Nayanthara