ആ നടിയെപോലെ കോണ്‍ഫിഡന്റ് ഉള്ള, ഭംഗിയുള്ള, വണ്ടര്‍ഫുള്ളായ മറ്റൊരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല; വാപൊളിച്ച് നോക്കിനിന്നു: ഖുശ്ബു
Entertainment
ആ നടിയെപോലെ കോണ്‍ഫിഡന്റ് ഉള്ള, ഭംഗിയുള്ള, വണ്ടര്‍ഫുള്ളായ മറ്റൊരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല; വാപൊളിച്ച് നോക്കിനിന്നു: ഖുശ്ബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 9:14 am

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്ത് ഏറെ തരംഗം സൃഷ്ടിച്ച നടിയാണ് സില്‍ക്ക് സ്മിത. 1979 ല്‍ തമിഴ് ചിത്രമായ വണ്ടിച്ചക്രത്തിലെ ‘സില്‍ക്ക്’ എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. 17 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ സില്‍ക്ക് സ്മിത അഭിനയിച്ചിരുന്നു.

ഇപ്പോള്‍ സില്‍ക്ക് സ്മിതയെ കുറിച്ച് സംസാരിക്കുകയാണ് ഖുശ്ബു. സില്‍ക്ക് സ്മിതയെ പോലെ സ്വന്തം ശരീരത്തിലും ലുക്സിലും അത്രയും കംഫര്‍ട്ടബിള്‍ ആയിട്ടുള്ളൊരു സ്ത്രീയെ താന്‍ കണ്ടിട്ടില്ലെന്ന് ഖുശ്ബു പറയുന്നു. താന്‍ അവരുടെ വലിയ ആരാധികയാണെന്നും ആദ്യമായി സ്മിതയെ കണ്ടപ്പോള്‍ താന്‍ വാപൊളിച്ച് നോക്കിനിന്നിട്ടുണ്ടെന്നും ഖുശ്ബു പറഞ്ഞു. ഗലാട്ട എക്സ്‌ക്ലൂസീവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

‘സ്വന്തം ശരീരത്തിലും ലുക്സിലും അത്രയും കംഫര്‍ട്ടബിള്‍ ആയിട്ടുള്ളൊരു സ്ത്രീയെ ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയാണ്. ഞാന്‍ ഇപ്പോഴും അവളുടെ വലിയ ആരാധികയാണ്. ഒരു താരത്തിനെ ആദ്യമായി കണ്ട് ഞാന്‍ വാപൊളിച്ച് പോയിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടിട്ടാണ്.

1984 ല്‍ ഞാനും അര്‍ജുനും കൂടെ ഒരു സൈലന്റ് സിനിമ ചെയ്തിരുന്നു. ആ ചിത്രം റിലീസ് ആയില്ല. അതില്‍ സില്‍ക്ക് സ്മിത വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഒരു താരം വരുന്നതില്‍ ലൊക്കേഷനില്‍ ഉള്ളവര്‍ മൊത്തം ടെന്‍ഷന്‍ ആകുന്നത് ഞാന്‍ ആദ്യമായി കാണുന്നത്.

മാഡം വരുന്നു, മാഡം വരുന്നു എന്നുപറഞ്ഞ് അവരൊക്കെ ആകെ വെപ്രാളപ്പെടുന്നത് കണ്ടിട്ടുണ്ട്. വേഗം അവിടെ ഒരു കസേര കൊണ്ടിട്ടു, അതില്‍ ഒരു ടൗവല്‍ വിരിച്ചിട്ടു, അതിനടുത്തായി ഒരു മേശ ഇട്ട് അവര്‍ക്ക് വേണ്ടതെല്ലാം ഇട്ടു. ആരാണ് വരാന്‍ പോകുന്നത് എന്ന ആകാംക്ഷയിലായിരുന്നു ഞാന്‍.

ഉടനെ സില്‍ക്ക് സ്മിത വന്നതും ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നു. എന്നേക്കാള്‍ മുതിര്‍ന്നതുകൊണ്ടുമല്ലായിരുന്നു അത്. അത്രയും കോണ്‍ഫിഡന്റ് ഉള്ള, ഭംഗിയുള്ള, വണ്ടര്‍ഫുള്ളായ മറ്റൊരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല,’ ഖുശ്ബു പറയുന്നു.

Content Highlight: Kushboo Talks About Silk Smitha