സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ തമിഴ് നടിയാണ് ഖുഷ്ബു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ചലച്ചിത്ര നിര്‍മാണത്തിലും ഒരുപോലെ ഭാഗമാണ് നടി.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം കമല്‍ ഹാസനും വിജയ്‌യുമായുള്ള ബന്ധങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഖുശ്ബു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം ഇരുവരുമായുള്ള ബന്ധത്തിന് യാതൊരുവിധ മാറ്റവും വന്നിട്ടില്ലെന്ന് ഖുശ്ബു പറയുന്നു.
എന്ത് ആവശ്യം വന്നാലും വിളിക്കാനുള്ള ബന്ധം ഇരുവരുമായിട്ടുണ്ടെന്നും തനിക്കൊരു പ്രശ്‌നം വന്നാല്‍ ആദ്യം വിളിക്കുന്നവര്‍ വിജയ്‌യും കമല്‍ ഹാസനുമായിരിക്കുമെന്നും ഖുശ്ബു പറഞ്ഞു. വിജയ് തന്നെ ദീദി എന്നാണ് വിളിക്കുന്നതെന്നും താന്‍ അദ്ദേഹത്തെ ബ്രോ എന്നാണ് വിളിക്കുകയെന്നും നടി കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.
‘രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം എന്റെയും വിജയ്‌യുടെയും ബന്ധത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. അതുപോലെതന്നെയാണ് കമല്‍ സാറുമായും. ഒരു ആവശ്യം വന്നുകഴിഞ്ഞാല്‍ എനിക്ക് അദ്ദേഹത്തെ വിളിക്കാന്‍ കഴിയും. വിജയ്‌യെ ഞാന്‍ ബ്രോ എന്നാണ് വിളിക്കുന്നത്. വിജയ് എന്നെ ദീദി എന്നും.
ഞങ്ങള്‍ ഇപ്പോഴും പരസ്പരം ഹലോ പറയും, ഇടക്കെല്ലാം കാണും. ഒരു പ്രശ്‌നമുണ്ടായാല്‍ വിജയിയോ കമല്‍ സാറാ ആയിരിക്കും എന്നെ വിളിക്കുന്ന ആദ്യത്തെ ആളുകളെന്ന് എനിക്കറിയാം. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും അവരെ വിളിക്കുന്ന ആദ്യത്തെ ആള്‍ ഞാന്‍ തന്നെയായിരിക്കും.
നിങ്ങള്‍ക്ക് പേഴ്‌സണല്‍ ജീവിതത്തില്‍ ഉള്ള ബന്ധങ്ങളെ രാഷ്ട്രീയം മാറ്റില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജീവിതത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഉണ്ടാകില്ലെന്നാണ് കരുണാനിധിയില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യം,’ ഖുശ്ബു പറയുന്നു.