കുന്നംകുളത്തെ പൊലീസ് മര്‍ദനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Kerala
കുന്നംകുളത്തെ പൊലീസ് മര്‍ദനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2025, 10:36 pm

തിരുവനന്തപുരം: കുന്നംകുളം പൊലീസ് മര്‍ദനത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീതയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനെയാണ് പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചത്.

2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തുകയും രണ്ട് പേരുടെയും വാദം കേള്‍ക്കുകയും ചെയ്ത ശേഷമാണ് സുജിത്ത് ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. സുജിത്തിനെ പൊലീസുകാര്‍ ചേര്‍ന്ന് ഇടിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവദിവസം രാത്രി റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിന്റെ സുഹൃത്തുക്കളെ പട്രോളിങ്ങിന് എത്തിയ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മദ്യപിച്ച് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ആരോപിച്ചായിരുന്നു പൊലീസ് മര്‍ദനം. ഷര്‍ട്ട് പോലും ധരിക്കാനനുവദിക്കാതെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ പിറ്റേന്ന് വൈദ്യപരിശോധന നടത്തി യുവാവിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും മദ്യപിച്ചെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് സുജിത്തിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു. കോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായും കണ്ടെത്തിയിരുന്നു. എസ്.ഐ നൂഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് മര്‍ദനം നടന്നത്. മൂന്ന് പൊലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിച്ചത്.

Content Highlight: Kunnamkulam Police beat; Human Rights Commission registers case