നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളെ തള്ളി കുഞ്ഞാലിക്കുട്ടി, പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുണ്ടാകില്ലെന്നും ലീഗ്
Kerala News
നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളെ തള്ളി കുഞ്ഞാലിക്കുട്ടി, പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുണ്ടാകില്ലെന്നും ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 12:15 pm

മലപ്പുറം: നവകേരള സദസ്സിനെതിരെയുള്ള യു.ഡി.എഫ് യുവജന സംഘടനകളുടെ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി. പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണയില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നവകേരള സദസ്സിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിഷ്‌കരണം നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഇനി പുതിയ പ്രതിഷേധങ്ങളൊന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയിട്ടില്ലന്നും സര്‍ക്കാറിനേക്കാള്‍ നന്നായി തങ്ങള്‍ പരിപാടി നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാറിനേക്കാള്‍ മികച്ച രീതിയിലുള്ള പരിപാടി നടത്തുന്നതിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നും അല്ലാത്ത പ്രതിഷേധങ്ങള്‍ക്ക് പിന്തുണയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നവകേരള സദസ്സില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ശരിയല്ലെന്നും ഇത്തരം പരിപാടികളില്‍ സ്വമേധയാ പങ്കെടുക്കുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹം അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുകയും ഉടന്‍ തന്നെ പരിഹാരമുണ്ടാക്കുകയും ചെയ്യുമായിരുന്നു. അതാണ് മാതൃക, അതിനിപ്പോഴുള്ള സര്‍ക്കാറിന് സാധിക്കുന്നില്ല. പരിപാടിയെ ഞങ്ങള്‍ വിമര്‍ശിക്കുന്നില്ല. ആളുകള്‍ പരാതിയുമായി വരുമ്പോള്‍ അത് പരിഹരിച്ച് കൊടുക്കണം. ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിച്ച് സമയബന്ധിതമായി തീരുമാനമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് നമുക്ക് നോക്കാം.

പക്ഷെ യു.ഡി.എഫ് എന്നും വ്യത്യസ്തമായ രീതിയായിരുന്നു കൈകൊണ്ടിരുന്നത്. ജനങ്ങളില്‍ നിന്ന് പരാതികള്‍ നേരിട്ട് സ്വീകരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃകയിലുള്ള ഒരു യാത്ര ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ യു.ഡി.എഫിന്റെ ഒരു പരിപാടി വരുന്നുണ്ട്. അതിനെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് നമുക്ക് നോക്കാം. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രാഷ്ട്രീയം പറഞ്ഞിരുന്നില്ല. പലയിടങ്ങളിലും തുടക്കത്തില്‍ ഇടതുപക്ഷവും സഹകരിച്ചിരുന്നു. ആ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയാണ് വേണ്ടത്. അതില്‍ സര്‍ക്കാറുമായി ഒരു മത്സരമാകാമെന്നാണ് എന്റെ അഭിപ്രായം.

നവകേരള സദസ്സിനെതിരെയുള്ള ബഹിഷ്‌കരണം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിനപ്പുറത്തുള്ള ഒരു പ്രതിഷേധവുമുണ്ടാകില്ല. അവരുടെ പരിപാടി അവര്‍ വിജയിപ്പിക്കട്ടെ. ഞങ്ങളുടെ പരിപാടി അതിനേക്കാള്‍ നന്നാക്കുക എന്നതാണ് ലക്ഷ്യം. അല്ലാത്ത പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

content highlights: Kunhalikutty rejected the protests against the Navakerala sadass and said the iuml would not support the protests