അവാർഡിനേക്കാൾ മുകളിലാണ് ഞാൻ ആ നിമിഷത്തെ കാണുന്നത്: കുഞ്ചാക്കോ ബോബൻ
Entertainment
അവാർഡിനേക്കാൾ മുകളിലാണ് ഞാൻ ആ നിമിഷത്തെ കാണുന്നത്: കുഞ്ചാക്കോ ബോബൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd November 2023, 2:45 pm

നടൻ കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ന്നാതാൻ കേസുകൊട് ചിത്രത്തിലെ രാജീവൻ എന്ന കഥാപാത്രം.

ചിത്രത്തിലെ പ്രകടനത്തിലൂടെ ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശവും താരത്തെ തേടിയെത്തിയിരുന്നു. മുമ്പൊന്നും കാണാത്ത ഭാവത്തിൽ കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മറക്കാനാവാത്ത ഒരു ചലച്ചിത്ര അനുഭവമായിരുന്നു.

കുഞ്ചാക്കോ ബോബൻ തന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് പറയുകയാണ്. തനിക്ക് കിട്ടിയ അവാർഡുകളെക്കാൾ വിലപ്പെട്ടതായി കണക്കാക്കുന്ന ആ അനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് താരം.

ഒരിക്കൽ ദുബായ് എയർപോർട്ടിൽ വച്ച് തന്നെ കണ്ട ഒരാളോട് സംസാരിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ജീവിതത്തിൽ കിട്ടിയ ഒരു കിടിലൻ അവാർഡ് ഉണ്ട്. പക്ഷെ ശരിക്കും പറഞ്ഞാൽ അതൊരു ഒഫീഷ്യൽ അവാർഡ് മൊമെന്റ് അല്ല. എന്റെ ജീവിതത്തിൽ നടന്ന ഒരു കാര്യമാണ്.
ഞാൻ ഒരിക്കൽ ദുബായിൽ നിന്ന് വരുകയായിരുന്നു. എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു ഫാമിലി വന്ന് എന്നോട് കുറേ നേരം സംസാരിച്ചു. അതിൽ ഒരാൾ എന്നോട് പറഞ്ഞു, നമ്മൾ ഒരേ നാട്ടുകാരാണെന്ന്.

അത് കേട്ട് ഞാൻ ചോദിച്ചു ആലപ്പുഴയിലാണോ? എവിടെയാണെന്ന്. അപ്പോൾ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, ആലപ്പുഴയല്ല കാസർഗോഡ് ആണെന്ന്.

അതായത് ന്നാ താൻ കേസ് കൊട് സിനിമ കണ്ട് അതിലെ എന്റെ കഥാപാത്രം രാജീവിനെ അവിടുത്തെ ഒരാളായി കാണുന്നു എന്നുള്ളത് സത്യം പറഞ്ഞാൽ ഒരു അവാർഡിനേക്കാൾ മുകളിലാണ് ഞാൻ കാണുന്നത്. ആ നിമിഷം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ആ സംഭവം എന്നും എന്റെ മനസിൽ തന്നെ നിലനിൽക്കും,’കുഞ്ചാക്കോ ബോബൻ പറയുന്നു.

Content Highlight: Kunchako Boban Talk About His Favorite Moment In His Life