എന്റെ സിനിമകളല്ല, എന്നാലും ആ ചിത്രങ്ങൾ റീ റിലീസാവണം എന്നാഗ്രഹമുണ്ട്: കുഞ്ചാക്കോ ബോബൻ
Entertainment
എന്റെ സിനിമകളല്ല, എന്നാലും ആ ചിത്രങ്ങൾ റീ റിലീസാവണം എന്നാഗ്രഹമുണ്ട്: കുഞ്ചാക്കോ ബോബൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st February 2025, 10:10 am

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സൂപ്പർഹിറ്റിലൂടെ ഫാസിലാണ് ചാക്കോച്ചനെ മലയാളത്തിന് സമ്മാനിച്ചത്.

റൊമാന്റിക് സിനിമകളിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് വ്യത്യസ്‍ത കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനാണ്. മലയാളത്തിലിപ്പോൾ ചില സിനിമകൾ വീണ്ടും റീ റിലീസാവുന്നത് സ്ഥിരമായി മാറിയിരിക്കുകയാണ്. സ്ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെയെല്ലാം റീ റിലീസ് മികച്ച രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫിലിം സ്റ്റുഡിയോകളിൽ ഒന്നായ ഉദയയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ചാക്കോച്ചന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോ. ഉണ്ണിയാർച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി തുടങ്ങി മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ നിർമിച്ചത് ഉദയ സ്റ്റുഡിയോസ് ആയിരുന്നു.

ഉദയയുടെ ചില സിനിമകൾ തനിക്ക് റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ സിനിമകൾ റീ റിലീസ് ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും ഉദയയുടെ പാലാട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി എന്നീ സിനിമകൾ 4K യിലേക്ക് മാറ്റി റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു

‘ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. എനിക്ക് എന്റെ സിനിമ അങ്ങനെ വരണമെന്ന് തോന്നിയിട്ടില്ല. അതിനേക്കാൾ ഉപരി ഉദയയുടെ ഏതെങ്കിലും ഒരു സിനിമ നല്ല രീതിയിൽ ഒരു 4K ഫോർമാറ്റിലേക്കൊക്കെ ആക്കിയിട്ട് കൊണ്ടുവരണമെന്ന് ഒരു ആഗ്രഹമുണ്ട്. അതിനുള്ള ഒരു സാധ്യത തള്ളിക്കളയുന്നില്ല. ഒരു തിയേറ്റർ എക്സ്പീരിയൻസിന് വേണ്ടിയാണത്. പാലട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി എന്നീ ചിത്രങ്ങളെല്ലാം ആ രീതിയിൽ മാറ്റണമെന്നുണ്ട്. ഇന്നതിനുള്ള സാധ്യതകളുണ്ട്.

പുതിയ തലമുറ എന്നതിലുപരി പഴയ തലമുറക്ക് കൂടി ആ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന രീതിയിൽ ആ സംഭവം ചെയ്താൽ കൊള്ളാമെന്നുണ്ട്. ഇത്ര ദിവസമോടണം, ഇത്ര കളക്ഷൻ കിട്ടണമെന്നൊന്നും കരുതിയല്ല. ആ ഒരു എക്സ്പീരിയൻസിന് വേണ്ടിയാണ്,’കുഞ്ചാക്കോ ബോബൻ പറയുന്നു.

 

Content Highlight: Kunchako Boban About Re Releases In Malayalam Cinema