ആറാം പാതിര വരുമായിരിക്കും, മിഥുന്റെയടുത്ത് അതിനെപ്പറ്റി ചോദിക്കണം: കുഞ്ചാക്കോ ബോബന്‍
Entertainment
ആറാം പാതിര വരുമായിരിക്കും, മിഥുന്റെയടുത്ത് അതിനെപ്പറ്റി ചോദിക്കണം: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 7:19 pm

മലയാളത്തില്‍ വന്ന മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. അതുവരെ കോമഡി സിനിമകള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന മിഥുന്‍ മാനുവല്‍ ട്രാക്ക് മാറ്റിപ്പിടിച്ച സിനിമ കൂടിയായിരുന്നു അഞ്ചാം പാതിര.

ക്രിമിനോളജിസ്റ്റായ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ അഞ്ചാം പാതിരയില്‍ എത്തിയത്. രണ്ടാം ഭാഗത്തിനുള്ള ചെറിയ സൂചന നല്കിക്കൊണ്ടാണ് സിനിമ അവസാനിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ അത് ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന ഒന്നാകണമെന്നും, വെറുതെ ഒരു സെക്കന്‍ഡ് പാര്‍ട്ട് എടുക്കാമെന്നുള്ള ചിന്തയില്‍ ചെയ്യാന്‍ നോക്കിയാല്‍ ശരിയാകില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മിഥുന്റെയടുത്ത് അതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും അതിനുള്ള സ്‌ക്രിപ്റ്റ് ശരിയായാല്‍ ഉറപ്പായും ചെയ്യുമെനന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ പുതിയ ചിത്രമായ ഗ്ര്‍ര്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

‘ആറാം പാതിര വരുമെന്ന് തന്നെയാണ് പ്രതീക്ഷ. മിഥുന്‍ ഇതുവരെ അതിനുള്ള പണിയൊന്നും തുടങ്ങിയിട്ടില്ല. കാണുമ്പോള്‍ ചോദിക്കണമെന്നുണ്ട്, പക്ഷേ കാണാന്‍ കിട്ടുന്നില്ല. സമയമെടുത്ത് നല്ലൊരു സ്‌ക്രിപ്റ്റ് ചെയ്തിട്ട് പടം തുടങ്ങണം എന്നാണ്. വെറുതെ ഒരു സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാമെന്നുള്ള ചിന്തയില്‍ സിനിമയെടുക്കാന്‍ പറ്റില്ലല്ലോ.

അഞ്ചാം പാതിര ഉണ്ടാക്കിവെച്ച ലെവല്‍ എന്താണെന്ന് നല്ല ബോധ്യമുണ്ട്. അത് കളഞ്ഞുകുളിക്കുന്ന തരത്തില്‍ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യില്ല എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുള്ളൂ. ആറാം പാതിര എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പായിട്ട് പറയാന്‍ പറ്റും. എപ്പോള്‍ നടക്കുമെന്ന് മാത്രം പറയാന്‍ പറ്റില്ല. അത് മിഥുന് മാത്രമേ അറിയുള്ളൂ,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban about Aaraam Paathira movie